ADVERTISEMENT

കൽപറ്റ ∙ പ്രധാന റോഡിന് ഇരുവശങ്ങളിലുമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നീണ്ടനിര, റോഡിലേക്ക് കയറ്റി നിർത്തിയ ഇരുചക്ര വാഹനങ്ങളും കാറുകളും... പാർക്കിങ്ങിന് നിരോധനം നിലനിൽക്കുന്ന, വയനാട് ചുരത്തിലെ ലക്കിടി വ്യൂ പോയിന്റിലെ കാഴ്ചയാണിത്. ‌‌ചുരത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് – വയനാട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ 2017 ഒക്ടോബർ 13ന് ചേർന്ന ചുരം വികസന യോഗമാണു 2017 നവംബർ ഒന്നു മുതൽ ചുരത്തിൽ വാഹന പാർക്കിങ് നിരോധിച്ച് ഉത്തരവിറക്കിയത്. 

ചുരം ഉൾപ്പെടുന്ന ദേശീയപാത 766ൽ അടിവാരം മുതൽ ലക്കിടി വരെയാണു പാർക്കിങ് നിരോധിച്ചിരുന്നത്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധന നടത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതോടെ ആദ്യ ആഴ്ച ഉത്തരവ് പാളി. ചുരത്തിൽ അങ്ങിങ്ങായി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിശോധനയില്ല. നോ പാർക്കിങ് ബോർഡുകൾക്കു ചുവട്ടിൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നു. ഇതു ചുരത്തിലെ ഗതാഗതത്തിനു സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമില്ല.  

നിന്നുതിരിയാൻ ഇടമില്ലാതെ ചുരം
ലക്കിടി വ്യൂ പോയിന്റ് മുതൽ ജില്ലാ കവാടം വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് വ്യാപകം.  ഇൗ ഭാഗങ്ങളിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ലക്കിടി വ്യൂപോയിന്റിന് സമീപം സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകൾക്കു ചുവട്ടിൽ പോലും വാഹനങ്ങൾ നിർത്തുന്നതു പതിവു കാഴ്ച. ഇതിനു പുറമേ, ചുരത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന  മേഖലകളിലും അനധികൃത പാർക്കിങ് കാണാം. ചുരത്തിലൂടെ പോകുന്നവരിൽ ഭൂരിഭാഗവും വാഹനങ്ങൾ നിർത്തി ചുരംകാഴ്ച ആസ്വദിച്ചാണു യാത്ര. 

വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തുന്ന ദിവസങ്ങളിൽ ലക്കിടി മുതൽ ഗതാഗതക്കുരുക്ക് രൂപപ്പെടും. അവധി ദിവസങ്ങളിൽ ഇൗ മേഖലയിൽ നിന്നു തിരിയാൻ ഇടമില്ലാതാകും. വ്യൂ പോയിന്റിന് സമീപം വാഹനങ്ങൾ തിങ്ങി നിറയുമ്പോൾ റോഡിലേക്ക് കയറ്റിയാണു വാഹനങ്ങൾ നിർത്തുന്നത്. ഇതു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ലക്കിടിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പരിസരത്തു വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലസൗകര്യമുണ്ടെങ്കിലും താഴേക്ക് നടന്നുപോകാനുള്ള മടി കാരണം ഭൂരിഭാഗം പേരും അത് ഉപയോഗപ്പെടുത്തുന്നില്ല. 

വെറുതേ ഒരു ഉത്തരവ്
കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയാണു പാർക്കിങ് നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയത്.ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം നടത്തിയില്ല.  നിരോധനം നിലവിൽ വന്ന് ആഴ്ചകൾക്കു ശേഷമാണു വ്യൂ പോയിന്റിന് സമീപം നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ, ഇൗ ബോർഡുകൾക്കു സമീപം പോലും വാഹനങ്ങൾ നിർത്തിയിട്ടു. പ്രതിഷേധം ശക്തമായതോടെ, ചുരത്തിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കലക്ടർക്കു വാട്സാപ് വഴി അയയ്ക്കാമെന്നും അത്തരം വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിന് നിർദേശം നൽകുമെന്നും കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ, തുടർ നടപടി മുടങ്ങി. ചുരം സംരക്ഷണ സമിതി പ്രവർത്തകരെ തിരഞ്ഞെടുക്കാൻ ‍ഡിടിപിസിയെയും പുതുപ്പാടി പഞ്ചായത്തിനെയും ചുമതലപ്പെടുത്തിയതായും അറിയിച്ചിരുന്നു. എന്നാൽ, ഇതും അട്ടിമറിക്കപ്പെട്ടു. 

English Summary:

Traffic Chaos at Wayanad Pass: Illegal Parking Causes Massive Traffic Jams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com