റിപ്പൺ 52– കാന്തൻപാറ റോഡ് തകർച്ച; നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും
Mail This Article
മേപ്പാടി ∙ റിപ്പൺ 52-ആനടിക്കാപ്പ്-കാന്തൻപാറ റോഡിന്റെ ശോച്യാവസ്ഥിൽ പ്രതിഷേധിച്ചു നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ റോഡ് ഉപരോധിക്കും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദസഞ്ചാരികളുമായി വരുന്ന വലിയ വാഹനങ്ങൾ അടക്കം ദിവസേന നൂറൂകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പാടേ തകർന്ന റോഡിൽ നിലവിൽ കാൽനടയാത്ര പോലും അസാധ്യമാണ്. റോഡിലെ നടുവൊടിക്കും യാത്രയ്ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കയറിയിറങ്ങാത്ത ഓഫിസുകളില്ല.
ആകെ 3 കിലോമീറ്റർ ദൂരമുള്ള റോഡാണിത്. അതിൽ രണ്ടര കിലോമീറ്ററോളം ദൂരം പാടേ തകർന്ന നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി 300 ലധികം കുടുംബങ്ങളും താമസിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാൻ മടിക്കുകയാണ്. രോഗികളെ എളുപ്പത്തിൽ ആശുപത്രിയിലെത്തിക്കാനുമാകുന്നുമില്ല. റോഡിലെ വൻകുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി.
നേരത്തെ മൂപ്പൈനാട് പഞ്ചായത്തിന് കീഴിലായിരുന്ന റോഡ് 3 വർഷങ്ങൾക്കു മുൻപ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഏറ്റെടുത്തിരുന്നു. എന്നാൽ, പിന്നീട് യഥാസമയം അറ്റകുറ്റപ്പണി നടത്താൻ പോലും ഡിടിപിസി അധികൃതർ തയാറായില്ലെന്നു നാട്ടുകാർ പറയുന്നു. ഡിടിപിസിക്ക് പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ വരുമാനം ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. വിദേശികളുമായി വരുന്ന വലിയ വാഹനങ്ങൾ അടക്കം റോഡിലെ കുഴികളിൽ പെട്ടു തകരാർ സംഭവിക്കുന്നതും പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം പാതിവഴിക്കു യാത്ര മതിയാക്കി തിരിച്ചുപോകുന്ന സഞ്ചാരികളുമുണ്ട്.