പ്രതിഷേധവുമായി വൻ ജനക്കൂട്ടം; വെടിവച്ചുകൊല്ലാൻ ഉത്തരവ് എത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നു തീരുമാനം
Mail This Article
കൂടല്ലൂർ ∙ വനത്തിൽനിന്നു ജനവാസകേന്ദ്രത്തിലിറങ്ങിയ നരഭോജി കടുവ കർഷകനെ കൊന്നുതിന്നതിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയതു വൻ ജനാവലി. കടുവയെ വെടിവച്ചുകൊല്ലണമെന്നും കൂടുതൽ നഷ്ടപരിഹാരത്തുക ഉടൻ അനുവദിക്കണമെന്നും കുടുംബാംഗത്തിനു ജോലി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രജീഷിന്റെ മൃതദേഹം സ്ഥലത്തുനിന്നു മാറ്റാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. ഡിഎഫ്ഒ എ. ഷജ്ന, തഹസിൽദാർ കെ.വി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടായിരുന്നു.
പ്രതിഷേധം കനത്തതോടെ ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷരീഫ്, ബത്തേരി ഇൻസ്പെക്ടർ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.പി. മധു, വി.വി. ബേബി, രുഗ്മിണി സുബ്രഹ്മണ്യൻ, എ.വി. ജയൻ, എം.എ. അസൈനാർ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി. എംഎൽഎയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണു പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
വനംവകുപ്പ് നൽകിയ ഉറപ്പുകൾ
∙ നരഭോജി കടുവയെ വെടിവച്ചുകൊല്ലണമെന്ന എംഎൽഎയുടെയും ജനപ്രതിനിധികളുടെയും ആവശ്യം ചീഫ് വൈൽഡ് ലൈഫ് വാർഡനു റിപ്പോർട്ട് ആയി നൽകും
∙ വന്യജീവി ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടാൽ നൽകുന്ന 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു പുറമേ കൂടുതൽ നഷ്ടപരിഹാരത്തിനു ശുപാർശ നൽകും
∙ കുടുംബത്തിൽ ഒരാൾക്കു ജോലി നൽകുന്നതിനു ശുപാർശ ചെയ്യും
∙ കൂടല്ലൂർ മുതൽ മണ്ണുണ്ടി വരെയുള്ള 3 കിലോമീറ്റർ നീളത്തിൽ വനാതിർത്തിയിൽ തൂക്കുവേലിക്കുള്ള ടെൻഡർ റദ്ദാക്കി പകരം കന്മതിൽ പണിത് മുകളിൽ ടൈഗർ നെറ്റ് സ്ഥാപിക്കാനുള്ള ശുപാർശ നൽകും
∙ പ്രജീഷിനെ കടുവ കൊന്നതിനടുത്തുള്ള കൃഷിയിടങ്ങൾ കാടുമൂടിക്കിടക്കുന്നതു വെട്ടി വൃത്തിയാക്കാൻ ഉടമകളോട് ആവശ്യപ്പെടും.
കൂടല്ലൂർ വന്യജീവികളുടെ വിഹാരകേന്ദ്രം; കൃഷി ഉപേക്ഷിച്ചത് ഒട്ടേറെ കർഷകർ
കൂടല്ലൂർ ∙ ഏറെക്കാലമായി വന്യജീവി ശല്യം രൂക്ഷമായി തുടരുന്ന പ്രദേശമാണു വാകേരിക്കടുത്ത കൂടല്ലൂർ. വനത്തോടു ചേർന്നു കിടക്കുന്ന ഈ മേഖലയിൽ അധികവും കർഷകരാണ് അധിവസിക്കുന്നത്. വന്യജീവി ശല്യം രൂക്ഷമായതോടെ പലർക്കും കൃഷി ഉപേക്ഷിക്കേണ്ടിവന്നു. പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ പ്രദേശത്തുതന്നെ 8 വർഷം മുൻപു കാട്ടാനയാക്രമണത്തിൽ രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. വയനാട്ടിൽ ആദ്യമായി കടുവയെ കൂടുവച്ചു പിടികൂടിയതും കൂടല്ലൂരിനടുത്തുനിന്നാണ്. വനത്തോടു ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് വർഷങ്ങളായി കടുവയും കാട്ടാനയും സ്ഥിരം ഭീഷണിയാണ്. ഒട്ടേറെ വളർത്തുമൃഗങ്ങളെ കടുവ പിടികൂടി. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും ജീവനു ഭീഷണിയാകുന്നതും പതിവാണ്.
12 വർഷം മുൻപ് ഇവിടെനിന്നു വനപാലകർക്കൊപ്പം കടുവയെ തിരഞ്ഞിറങ്ങിയപ്പോൾ നാട്ടുകാർക്കു പരുക്കേൽക്കുകയുമുണ്ടായി. വന്യമൃഗങ്ങൾ ഇറങ്ങിയതായി വിവരം ലഭിക്കുമ്പോൾ വന്നു തിരച്ചിൽ നടത്തി പോകുന്നതല്ലാതെ ശാശ്വത പരിഹാരം കാണാനോ അർഹമായ നഷ്ടപരിഹാരം നൽകാനോ വനംവകുപ്പ് അധികൃതർ ശ്രമിക്കുന്നില്ലെന്നു നാട്ടുകാർ രോഷാകുലരാകുന്നു. വന്യജീവി ശല്യം പ്രതിരോധിക്കാനായി വർഷംതോറും സർക്കാർ കോടിക്കണക്കിനു രൂപ അനുവദിക്കുമ്പോഴും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. മൂടക്കൊല്ലി മുതൽ ബത്തേരി വരെ റെയിൽ ഫെൻസിങ് ഉണ്ടെങ്കിലും 3 കിലോമീറ്റർ ഭാഗത്ത് പ്രതിരോധസംവിധാനമില്ല. ഇതുവഴിയാണു വാകേരിയിലേക്കും സമീപപ്രദേശങ്ങളിലേക്കും വന്യജീവികൾ കൂട്ടത്തോടെയെത്തുന്നതെന്നു നാട്ടുകാർ പറയുന്നു.
ഇവിടെ തൂക്കുവേലി സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നാണു വനംവകുപ്പ് പറയുന്നത്. എന്നാൽ, ഇതു ഫലപ്രദമാകില്ലെന്ന് അഭിപ്രായപ്പെടുന്ന നാട്ടുകാർ വനാതിർത്തിയിൽ വന്യജീവികളെ കന്മതിൽ കെട്ടി തടയണമെന്നും ആവശ്യപ്പെടുന്നു. പ്രജീഷിനെ കടുവ പിടിച്ച വയലിനടുത്ത് 30 ഏക്കറോളം വരുന്ന പഴയ കൃഷിസ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. നേരത്തെ തന്നെ ഇവിടെ വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികൾ സ്ഥലം വിറ്റൊഴിഞ്ഞുപോയിരുന്നു. ചിലർ കൃഷി ഉപേക്ഷിച്ചും സ്ഥലംമാറിപ്പോയി. ഇതോടെ ഇവിടെ വന്യജീവിശല്യം അതിരൂക്ഷമായിരിക്കുകയാണ്.