കൂടല്ലൂരിൽ സ്ഥിതി ശാന്തം; കലക്ടർ പ്രജീഷിന്റെ വീട്ടിൽ
Mail This Article
ബത്തേരി ∙ കഴിഞ്ഞ 10 ദിവസം സംഘർഷഭരിതമായിരുന്ന കൂടല്ലൂർ ഇന്നലെ ശാന്തമായിരുന്നു. നാട്ടിലിറങ്ങി പ്രജീഷ് എന്ന യുവകർഷകനെയും ഞാറ്റാടി സ്വദേശി സന്തോഷിന്റെ പശുവിനെയും കൊല്ലുകയും പ്രദേശമൊന്നാകെ ഭീതി വിതയ്ക്കുകയും ചെയ്ത കടുവ കൂട്ടിലായതിനു പിന്നാലെ തൃശൂർ പൂത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്കു മാറ്റി. കടുവയ്ക്ക് ചികിത്സ നൽകി വരികയാണ്.
അതേ സമയം കലക്ടർ രേണു രാജ് ഇന്നലെ പ്രജീഷിന്റെ വീട്ടിലെത്തി. അമ്മ ശാരദയെയും സഹോദരൻ മജീഷിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും ആവശ്യമായ കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്നു ഉറപ്പുനൽകുകയും ചെയ്തു. പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്. കുടുംബാംഗത്തിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകാമെന്നും സ്ഥിര നിയമനം നൽകണമെന്ന് ശുപാർശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നതിനനുസരിച്ച് തീരുമാനങ്ങളെടുക്കുമെന്നും പ്രജീഷിന്റെ സഹോദരൻ മജീഷ് പറഞ്ഞു.
എഡിഎം എൻ.ഐ.ഷാജു, ബത്തേരി തഹസിൽദാർ വി.കെ. ഷാജി, ഡപ്യൂട്ടി തഹസിൽദാർ വി.കുഞ്ഞൻ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.