പൂക്കളുടെ വസന്തങ്ങളൊരുക്കി പൂപ്പൊലി പുഷ്പോത്സവം 4 ദിവസം പിന്നിട്ടു
Mail This Article
അമ്പലവയൽ ∙ പൂക്കളുടെ വസന്തങ്ങളൊരുക്കി പൂപ്പൊലി പുഷ്പോത്സവം 4 ദിവസം പിന്നിട്ടു. ഇതിനകം ആയിരങ്ങൾ സന്ദർശരകരായി എത്തി. ഇന്ന് മന്ത്രി പി. പ്രസാദ് പൂപ്പൊലിയിലെത്തും. കാർഷിക സെമിനാറും കാർഷിക കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തി പരിചയ പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിഎച്ച്എസ്ഇ കാർഷിക വിദ്യാർഥികൾക്കായി കഴിഞ്ഞ ദിവസം ക്വിസ് മത്സരം നടത്തി. ഇന്നു രാവിലെ 10 മുതൽ ‘അധിക വരുമാനം ശാസ്ത്രീയ വാഴ കൃഷിയിലൂടെ’ എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രഫ. ഡോ. ഗവാസ് രാഗേഷും രാവിലെ 11. 30 മുതൽ ‘പഴങ്ങളിൽ നിന്നുള്ള വൈൻ ഉൽപാദനം -ശാസ്ത്രവും കലയും’ എന്ന വിഷയത്തിൽ ഡോ. സജി ഗോമസും സെമിനാർ നയിക്കും. രാവിലെ 9 മുതൽ കുക്കറി ഷോ മത്സരം കാർഷിക കോളജിൽ നടക്കും. വൈകിട്ട് 5 മുതൽ കലാസന്ധ്യ അരങ്ങേറും.