10 ദിവസം, പൂപ്പൊലിയിൽ ഒരു ലക്ഷത്തിലേറെ സന്ദർശകർ; ടിക്കറ്റ് വരുമാനം 50 ലക്ഷം
Mail This Article
അമ്പലവയൽ ∙ ഒരു ലക്ഷത്തിലേറെ സന്ദർശകരും 50 ലക്ഷം രൂപ ടിക്കറ്റ് വരുമാനവുമായി പൂപ്പൊലി പുഷ്പോത്സവം 10 ദിവസം പിന്നിട്ടു. 15 വരെയാണ് പൂപ്പൊലി. കാലാവസ്ഥ പ്രതികൂലമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം സന്ദർശകരുണ്ടായിരുന്നു. വൈവിധ്യമാർന്ന പൂക്കളും കലാപരിപാടികളും നിറഞ്ഞതാണു പൂപ്പൊലി നഗരി. ഡാലിയ, ഗ്ലാഡിയോലസ്, ഡയാന്തസ്, സാൽവിയ, ജമന്തി, പെറ്റൂണിയ തുടങ്ങിയ പൂക്കളും റോസച്ചെടി ഉദ്യാനവും എല്ലാവരെയും ആകർഷിക്കുന്നു.
ഇന്നലെ ‘സമഗ്ര മൃഗപരിപാലനം കർഷക - ശാസ്ത്രജ്ഞ മുഖാമുഖം’ പരിപാടി നടത്തി. ഡോ.ജോൺ ഏബ്രഹാം, ഡോ.എൻ. മാധവൻ ഉണ്ണി, ഡോ.പ്രമോദ്, അസിസ്റ്റന്റ് പ്രഫ. ഡോ. പി.ബി. അശ്വതി എന്നിവർ സെമിനാറിനു നേതൃത്വം നൽകി. ഇന്നു രാവിലെ 10 മുതൽ ‘കാലാവസ്ഥാ വ്യതിയാനം - വിളകളുടെ പരിപാലന മുറകൾ’ കാർഷിക സെമിനാർ. വൈകിട്ട് 5 മുതൽ കലാസന്ധ്യ.
2 രൂപയ്ക്ക് ഹൈബ്രിഡ് തൈകൾ
അമ്പലവയൽ ∙ പച്ചക്കറി, പുഷ്പ കൃഷി മികവിന്റെ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച ഗുണമേന്മയേറിയ ഹൈബ്രിഡ് പച്ചക്കറിത്തൈകൾ പൂപ്പൊലിയിൽ വിൽപനയ്ക്ക് എത്തിച്ചു. 2 രൂപ നിരക്കിൽ പ്രോട്രേകളിലാണു തൈകൾ ലഭ്യമാകുന്നത്. വഴുതന, തക്കാളി, പച്ചമുളക്, ക്യാപ്സിക്കം, പാലക് എന്നിവയും ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിവയും ലഭ്യമാണ്. പൂപ്പൊലി നഗരിയിൽ ആർഎആർഎസ് ഫാമിന്റെ വിൽപന കേന്ദ്രത്തിലും രണ്ടാം നമ്പർ പ്രവേശന കവാടത്തിനു സമീപവും തൈകൾ ലഭ്യമാണ്.