ADVERTISEMENT

ബത്തേരി ∙ കൊച്ചു കടലാസിലെ മരുന്നു കുറിപ്പടി മാത്രമല്ല, വലിയ കാൻവാസിലെ തിരക്കഥയും ഡോ. രൺധീർ കൃഷ്ണനു വഴങ്ങുമെന്നു തെളിയിക്കുകയാണ് ഏബ്രഹാം ഓസ്‌ലർ എന്ന സിനിമ. വയനാട്ടുകാരനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ഏബ്രഹാം ഓസ്‌ലർ’ രൺധീർ കൃഷ്ണൻ ആരുമറിയാതെ എഴുതിയൊരുക്കി വച്ച മെഡിക്കൽ ത്രില്ലറാണ്. തന്റെ കഥാ സന്ദർഭങ്ങളിൽ മമ്മൂട്ടിയും ജയറാമും വേഷമണിഞ്ഞെത്തുമെന്നു ബത്തേരി വിനായക ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനായ ഡോ. രൺധീർ ചിന്തിച്ചതേയല്ല. 

സിനിമയോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്ന ഡോ. രൺധീർ കോവിഡ് കാലത്ത് 2021 ലാണ് ഏബ്രഹാം ഓസ്‌ലറിന്റെ തിരക്കഥ എഴുതിത്തുടങ്ങിയത്. തിരക്കഥ പൂർത്തിയായെങ്കിലും സിനിമയിൽ ആരെയും പരിചയമില്ലാത്തതിനാൽ എഴുതിയ കഥ നോവൽ ആക്കിയാലോ എന്ന ചിന്ത വന്നു.  ഇംഗ്ലിഷിൽ നോവലാക്കി ഒരു പ്രസിദ്ധീകരണത്തിനയച്ചു.

അങ്ങനെയിരിക്കെയാണു വയനാട്ടുകാരനായ സംവിധായകൻ ജോൺ മന്ത്രിക്കൽ കാലുവേദനയുമായി ഡോക്ടറെ കാണാനെത്തിയത്.  കഥ കേട്ടപ്പോൾ അതിൽ നല്ലൊരു സിനിമയുണ്ടെന്ന് ജോൺ പറയുകയും ത്രില്ലർ സിനിമകളുടെ ഇഷ്ടക്കാരനായ മിഥുൻ മാനുവലിനെ കണ്ടു കഥ പറയാൻ നിർദേശിക്കുകയും ചെയ്തു. 

കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ, ഡോക്ടർ വയനാട്ടിൽ നിന്ന് കാറോടിച്ച് വന്നത് വെറുതെയായില്ലെന്നു മിഥുൻ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടതോടെ നിർമിക്കാനും മിഥുൻ സന്നദ്ധനായി. തിരക്കഥ ഒന്നു കൂടി മിനുക്കി 2023 മേയ് 19ന് ഷൂട്ടിങും തുടങ്ങി. വയനാട്ടിലും ഏറെ ഭാഗങ്ങൾ ചിത്രീകരിച്ചു. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായതു വയനാട്ടുകാരനായ ബേസിൽ വർഗീസാണ്. സിനിമയുടെ ആദ്യ ഷോ  എറണാകുളം വിനീത തീയറ്റർ കോംപ്ലക്സിൽ നിന്ന് ഭാര്യ ഡോ. ഉമയ്ക്കൊപ്പമാണ് രൺധീർ കണ്ടത്. സ്വന്തം പടം ആദ്യദിനം കാണുന്ന ശീലമില്ലാത്തതിനാൽ മിഥുൻ തീയറ്ററിലേക്കെത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com