മറിയ ഉമ്മൻ കക്ഷിരാഷ്ട്രീയത്തിൽ ഇറങ്ങണം: പി.എസ്.ശ്രീധരൻ പിള്ള
Mail This Article
ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കക്ഷിരാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ് മരണാനന്തര ബഹുമതിയായി ഉമ്മൻചാണ്ടിക്കു വേണ്ടി മകൾ മറിയ ഉമ്മന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത് ആരെക്കുറിച്ചാണെങ്കിലും അതിൽ ഒരു സത്യമുണ്ട്. ജനങ്ങളാണ് എല്ലാം എന്ന് വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഉമ്മൻചാണ്ടിയുടെ മരണാനന്തരം ജനവികാരം അലയടിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ മറിയ ഉമ്മനൊപ്പം മകൻ എഫിനോവ ഉമ്മനും എത്തിയിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ജോസഫ് പി.വർഗീസ,് അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ കളീക്കൽ, സെന്റ് മേരീസ് കോളജ് ഗവേണിങ് ബോർഡ് സെക്രട്ടറി ജോർജ് മത്തായി നൂറനാൽ, ബത്തേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി. ഗോപിനാഥ്, സഹ വികാരി ഫാ. നിബിൻ ജേക്കബ്, ട്രസ്റ്റി ടി.ജെ. ജോയി തേലക്കാട്ട്, സെക്രട്ടറി വി.വി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.