ഉണക്കിയ നെല്ലും റോൾ വൈക്കോലും തിന്ന് കാട്ടാനകൾ
Mail This Article
പനമരം ∙ പഞ്ചായത്തിൽ ഉണക്കി വച്ച നെല്ലും യന്ത്രം ഉപയോഗിച്ചു റോൾ ആക്കിയ വൈക്കോലും കാട്ടാനക്കൂട്ടം തിന്നുനശിപ്പിച്ചു. പഞ്ചായത്തിലെ പുഞ്ചവയൽ ചന്ദ്രശേഖരന്റെ കളത്തിൽ ഉണക്കിക്കൂട്ടി ടാർപോളിൻ ഇട്ട് മൂടിയ നെല്ലാണ് ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന തിന്നത്. കൂട്ടിവച്ച നെല്ലിൽ പാതിയും ടാർപായ വലിച്ചു മാറ്റി അകത്താക്കി. ബാക്കി നെല്ലിൽ ഒരുഭാഗം കളത്തിൽ നിരത്തി.
അമ്മാനി വയലിൽ ഇറങ്ങിയ കാട്ടാന പഞ്ചായത്തംഗമായ കാഞ്ഞിരത്തിങ്കൽ ജയിംസിന്റെ വൈക്കോലും തിന്നു. യന്ത്രമുപയോഗിച്ചു റോൾ ആക്കി വിൽപനയ്ക്ക് വച്ച വൈക്കോലിൽ 7 റോൾ പൂർണമായും 3 എണ്ണം ഭാഗികമായും തിന്നിട്ടുണ്ട്. ബാക്കിയുള്ള വൈക്കോൽ റോളുകൾ കെട്ടുപൊട്ടിച്ചു വയലിൽ നിരത്തി. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളാണു ജനവാസ കേന്ദ്രത്തിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
പുഞ്ചവയൽ ചന്ദ്രശേഖരൻ ഇക്കുറി കൃഷിയിറക്കിയ നെല്ലിൽ പാതിയും കാട്ടാനയാണു തിന്നുതീർത്തത്. 18 ഏക്കറോളം നെൽക്കൃഷിയുള്ള ഇദ്ദേഹത്തിന്റെ നെല്ല് വിളവെടുപ്പിന് പാകമായതോടെ പാതിയും കാട്ടാന നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊയ്ത് കളത്തിൽ ഉണക്കി കൂട്ടിയ നെല്ലും തിന്നത്. നെല്ല് സൂക്ഷിച്ചുവച്ച പത്തായത്തിനും കാട്ടാനശല്യം കാരണം കാവലിരിക്കേണ്ട അവസ്ഥയാണ്.