പനമരം ടൗണിനു സമീപം പുലർച്ചെ 8 കാട്ടാനകൾ
Mail This Article
പനമരം∙ ടൗണിനു സമീപത്തെ ജനവാസ മേഖലയെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കൂട്ടമെത്തി. കുട്ടികൾ ഉൾപ്പെടെയുള്ള 8 കാട്ടാനകളാണ് ടൗണിനു സമീപത്തെ മേച്ചേരി, വാടോച്ചാൽ പ്രദേശത്ത് എത്തിയത്. നേരം പുലർന്നിട്ടും വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഇന്നലെ പുലർച്ചെ യാണു നാട്ടുകാർ കണ്ടത്. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ 2 കുട്ടികൾ അടങ്ങുന്ന 8 കാട്ടാനകളാണ് നേരം പുലർന്നിട്ടും മടങ്ങാൻ കൂട്ടാക്കാതെ വാടോച്ചാൽ ടർഫിനു സമീപത്തെ കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചത്.
പുലർച്ചെ നടക്കാനിറങ്ങിയവരാണു കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ രാവിലെ സ്ഥലത്തെത്തിയ വനപാലകർ വാടോച്ചാലിലെ തിരിയാലപറ്റ റസാഖ്, കണ്ടങ്കാരി നാസർ എന്നിവരുടെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടത്തിൽ കുട്ടിയാനയുള്ളതിനാൽ തൽക്കാലം നിർത്തിവച്ചു.
11 മണിയോടെ കൂടുതൽ വനപാലകരെത്തിയാണു പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമമാരംഭിച്ചത്. തുരത്തുന്നതിനിടെ മേച്ചേരി, വാടോച്ചാൽ, പുളിക്കൽ പ്രദേശങ്ങളിലൂടെ കയറിയിറങ്ങിയ കാട്ടാനക്കൂട്ടം വനപാലകരെയും ജനങ്ങളെയും വട്ടംചുറ്റിച്ചു. തുടർന്ന് പുളിക്കൽ വയൽ വഴി ചെറിയ പുഴ കടന്ന് മാത്തൂർ വയലിലെത്തിയ കാട്ടാനക്കൂട്ടം രണ്ടായി തിരിഞ്ഞു.
ഒരു കൂട്ടം കുട്ടികൾ ഉൾപ്പെടെ പാടം കടന്നു പുഞ്ചവയൽ കാപ്പിത്തോട്ടത്തിൽ എത്തി. അവിടെ നിന്ന് 2 കുഞ്ഞുങ്ങളും അമ്മയാനയും അടക്കമുള്ള 4 എണ്ണം രണ്ടാം മൈൽ അങ്ങാടിക്കു നടുവിലൂടെ താഴെ പാതിരിയമ്പം വഴി വനത്തിലേക്കു കയറി. തുടർച്ചയായുള്ള ശ്രമങ്ങൾക്കൊടുവിൽ 4 കൊമ്പന്മാർ അടങ്ങുന്ന രണ്ടാം സംഘം നാട്ടുകാർ തമ്പടിച്ചതിനു സമീപത്തു കൂടി മണൽവയൽ വഴി വനത്തിലേക്ക് കയറി.
ചെതലയം മാനന്തവാടി റേഞ്ച് ഓഫിസർമാരായ പി. അബ്ദുൽ സമദ്, രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ചെതലയം, മാനന്തവാടി, ബേഗൂർ റേഞ്ചുകളിലെ വനപാലകരും ബത്തേരി ആർആർടി ടീം ചേർന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്.
കാട്ടാനക്കൂട്ടം എത്തിയത് 2 പുഴകളും 3 റോഡുകളും കടന്ന്
കാട്ടാനക്കൂട്ടം വാടോച്ചാൽ പ്രദേശത്ത് എത്തിയത് 2 പുഴകളും 3 പ്രധാന റോഡുകളും കടന്ന് 6 കിലോമീറ്ററോളം സഞ്ചരിച്ച്. പാതിരി സൗത്ത് സെക്‌ഷൻ മണൽവയൽ ഭാഗത്ത് നിന്ന് വെള്ളി രാത്രി ഇറങ്ങിയ 2 കുഞ്ഞുങ്ങൾ അടക്കമുള്ള 8 കാട്ടാനകൾ നരസിപുഴ കടന്ന് അമ്മാനി, പുഞ്ചവയൽ, മാത്തൂർ വഴി കാവടം പുഴ കടന്ന് പുളിക്കൽ, മേച്ചേരി വയൽ വഴിയാണ് വാടോച്ചാലിലെ ടർഫിന് സമീപത്തെ കുന്നിലെ കൃഷിയിടത്തിൽ എത്തിയത്.
വരുന്നതിനും തിരിച്ചു പോകുന്നതിനും ഇടയ്ക്ക് ഒട്ടേറെ കർഷകരുടെ വാഴ, കാപ്പി, തെങ്ങ്, അടക്കമുള്ള കൃഷികൾ നശിപ്പിച്ചു. കാട്ടാനകൾ പുലർച്ചെ തമ്പടിച്ച തിരിയാലപറ്റ റസാഖ്, കണ്ടങ്കാരി നാസർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പയും വാഴയും തൈത്തേങ്ങും ചവിട്ടിമെതിച്ചു.