ADVERTISEMENT

പനമരം∙ ജില്ലയിലെ ഗ്രാമീണ റോഡുകളിൽ ഏറെയും കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർന്ന് തരിപ്പണമാണെങ്കിലും സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയില്ല.പനമരം, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിൽ ഏറെയും കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ തകർന്ന അവസ്ഥയിലാണ്.ഇതിൽ പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്ന റോഡുകളും ഉൾപ്പെടും.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ പല റോഡുകളിലെയും ഇളകിക്കിടന്ന സോളിങ് ഒഴുകിപ്പോയ സ്ഥിതിയാണ്. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ പല ഗ്രാമീണ റോഡിലും ഇന്ന് ടാറിങ് കണികാണാൻ പോലുമില്ല.ഇതുകൊണ്ടു തന്നെ ചെറിയ വാഹനങ്ങൾ ഇതുവഴി ഓട്ടം വിളിച്ചാൽ സർവീസ് നടത്താൻ മടിക്കുകയാണ്. അത്യാവശ്യക്കാർ വലിയ തുക കൊടുത്ത് കാര്യം നടത്തേണ്ട സ്ഥിതിയാണ്.ഇത് പലപ്പോഴും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.

കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം ആയുർവേദ ജംക്‌ഷൻ– കാവടം റോഡും പൂതാടി പഞ്ചായത്തിലെ നടവയൽ –പുലച്ചിക്കുനി, ചിങ്ങോട് –കനവ് റോഡ് പനമരം പഞ്ചായത്തിലെ കായക്കുന്ന് –അയനിമല റോഡും ഇതിന് ഉദാഹരണമാണ്.100 കണക്കിന് ആദിവാസി കുടുംബങ്ങൾ അടക്കമുള്ളവരുടെ ഏക ആശ്രയമാണ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡുകൾ.വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ റോഡിലെ കല്ലുകൾ ഇളകി കാൽനടയാത്രയ്ക്കു പോലും പറ്റാത്ത അവസ്ഥയാണ്.

ഇത്തരത്തിലുള്ള റോഡുകളിൽ ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.ആവശ്യത്തിന് ഫണ്ടില്ലാത്തതു കൊണ്ടാണ് തകർന്ന റോഡുകൾ നന്നാക്കുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് പഞ്ചായത്തധികൃതരുടെ വാദം.ഫണ്ട് വച്ചാലും കുറഞ്ഞ ദൂരം മാത്രമേ നന്നാക്കാറുള്ളൂ. എന്നാൽ റോഡ് പൂർണമായും നന്നാക്കിയാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരപ്പെടൂ എന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com