സ്മാർട്ടായി നഗരസഭകൾ; അതിവേഗം സർട്ടിഫിക്കറ്റുകൾ
Mail This Article
കൽപറ്റ ∙ പൊതുജനങ്ങൾക്ക് അതിവേഗം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി സ്മാർട്ട് ആവുകയാണു നഗരസഭകൾ. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഫയൽ രഹിത സേവനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ 3 നഗരസഭയിലും പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സേവനങ്ങളെ 35 മൊഡ്യൂളുകളായി തിരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ലഭ്യമാക്കുന്നതാണു കെ-സ്മാർട്ട് പദ്ധതി. പ്രവാസികൾ ഉൾപ്പെടെ 24 പേരുടെ വിവാഹ റജിസ്‌ട്രേഷനുകളാണ് ഓൺലൈൻ സംവിധാനത്തിലൂടെ നടന്നത്. മാനന്തവാടി- 9, കൽപറ്റ- 7, ബത്തേരി-8 വിവാഹ റജിസ്‌ട്രേഷനുകളാണു ചെയ്തത്.
വിദേശത്തു നിന്നു ലോഗിൻ ഐഡി ഉപയോഗിച്ചു കെവൈസി വെരിഫിക്കേഷനിലൂടെ വിവാഹ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ, ഓഫിസുകളിൽ എത്താതെ സമയബന്ധിതമായി പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ജനന -മരണ-വിവാഹ റജിസ്ട്രേഷൻ, ബിസിനസ് ഫെസിലിറ്റേഷൻ, വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മൊഡ്യൂൾ, ബിൽഡിങ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണു കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. പ്രവാസികൾക്കു നേരിട്ടെത്താതെ അതതു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും.
ഏപ്രിൽ ഒന്നോടെ കെ-സ്മാർട്ട് സംവിധാനം ഗ്രാമ പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ഇൻഫർമേഷൻ കേരള മിഷനാണു കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി നൽകാനും അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി അറിയാനും സാധിക്കും. അപേക്ഷയുടെ കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സാപ്, ഇ-മെയിൽ എന്നിവയിൽ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചു പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയാറാക്കുന്നതിലൂടെ വേഗത്തിൽ കെട്ടിട നിർമാണ പെർമിറ്റുകൾ ജനങ്ങൾക്കു ലഭ്യമാക്കുന്നു. കെ-സ്മാർട്ടിലെ നോ യുവർ ലാൻഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണു നിർമിക്കാൻ കഴിയുക എന്ന വിവരവും പൊതുജനങ്ങൾക്ക് അറിയാം.