കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു
Mail This Article
പുൽപള്ളി ∙ ഇരുളം വനപ്രദേശത്ത് കൃഷിയിടങ്ങളിൽ ശല്യക്കാരായ കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടങ്ങി. മാതമംഗലം ഒന്നാം നമ്പർ, ചെട്ടിപാമ്പ്ര, കോളിമൂല തുടങ്ങിയ പ്രദേശങ്ങളിൽ ആഴ്ചകളായി കാട്ടാനശല്യം രൂക്ഷമാണ്. സന്ധ്യയോടെ കാടിറങ്ങുന്ന 3 ആനകളാണ് പത്തേക്കർ ഭാഗത്ത് ഭീഷണിയായത്. കൃഷിയിടത്തിൽ നിന്നു പടക്കം പൊട്ടിച്ചും മറ്റും ഓടിക്കുമ്പോൾ മറ്റു കൃഷിയിടങ്ങളിലെത്തി വനപാലകരെയും നാട്ടുകാരെയും വട്ടംകറക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ ഉപയോഗിച്ചു തുരത്താൻ തീരുമാനിച്ചത്. മുത്തങ്ങ ആന ക്യാംപിലെ സൂര്യ, വിക്രം എന്നീ ആനകളെ ഇന്നലെ രാവിലെ മാതമംഗലത്തെത്തിച്ചു. വൈകുന്നേരം വരെ തിരഞ്ഞ് ആനകളെ ഓടിച്ചെങ്കിലും അവ വനത്തിൽ വട്ടംകറങ്ങി പഴയ സ്ഥലങ്ങളിൽ തന്നെ നിലയുറപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ഇന്നും ശ്രമം തുടരുമെന്ന് ഇരുളം ഡപ്യൂട്ടി റേഞ്ച് ഓഫിസർ ടി.പി.പ്രമോദ് കുമാർ അറിയിച്ചു.