പതിനൊന്നാം മൈലിൽ പശുവിനെ വന്യമൃഗം കൊന്നു ഭക്ഷിച്ചു
Mail This Article
തരിയോട് ∙ പതിനൊന്നാം മൈലിൽ വന്യമൃഗം പശുവിനെ കൊന്നു ഭക്ഷിച്ചു. കൽപറ്റ റേഞ്ച് സുഗന്ധഗിരി സെക്‌ഷനിലെ തരിയോട് വനമേഖലയുടെ സമീപത്തെ സ്വകാര്യ കാപ്പിത്തോട്ടത്തിലാണു പകുതി ഭക്ഷിച്ച രീതിയിലുള്ള പശുവിന്റെ ജഡം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം പതിവാണെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ വന്യ മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു മൃഗം കൊല്ലപ്പെടുന്നത്. പശുവിനെ ആക്രമിച്ച മൃഗം ഏതാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു വനംവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്നു പ്രദേശത്ത് 4 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗത്തിന്റെ ആക്രമണം നടന്നതിനെത്തുടർന്നു പ്രദേശവാസികൾ ആശങ്കയിലായി.
പശു കൊല്ലപ്പെട്ട സ്ഥലത്തിന്റെ 500 മീറ്റർ അകലെ 4 മാസം മുൻപ് മറ്റൊരു പശുവിനു നേരെ ആക്രമണം നടന്നിരുന്നു. അന്ന് അവിടെ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതിനാൽ പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കാപ്പി വിളവെടുപ്പ് സീസൺ ആയതിനാൽ ജോലിക്കു പോകുന്ന തൊഴിലാളികളും ആശങ്കയിലായിട്ടുണ്ട്. പ്രദേശത്ത് ഇറങ്ങിയ വന്യമൃഗം ഏതെന്നു കണ്ടെത്തി ഇവയുടെ ഭീഷണി ഒഴിവാക്കാൻ ആവശ്യമായ നടപടി എടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.