തണ്ണീർക്കൊമ്പന്റെ വേർപാടിൽ അനുശോചിച്ച് മാനന്തവാടി നഗരസഭ
Mail This Article
മാനന്തവാടി ∙ തണ്ണീർക്കൊമ്പന്റെ വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്ന പ്രമേയം മാനന്തവാടി നഗരസഭ അംഗീകരിച്ചു. കർണാടകയിൽ നിന്നും വഴിതെറ്റി എത്തിയ കൊമ്പൻ മനുഷ്യന്റെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയിട്ടില്ല. നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനാണു പിടിച്ചു കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചത്. മാനന്തവാടിയിൽ നിന്നും വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പൂർണ ആരോഗ്യവാനാണെന്നതു നേരിൽ കണ്ടതിലും ദൃശ്യങ്ങളിൽ നിന്നും ബോധ്യപ്പെടുന്നതാണ്.
ബന്ദിപ്പൂരിൽ എത്തിച്ച ശേഷമാണെങ്കിലും ആന ചരിഞ്ഞതിൽ നഗരസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന പ്രമേയം ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ്. മൂസ, കെ. പാത്തുമ്മ, സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ പി.വി. ജോർജ്, അബ്ദുൽ ആസിഫ്, റവന്യു ഇൻസ്പെക്ടർ സജിത്ത് എന്നിവർ പ്രസംഗിച്ചു.