ADVERTISEMENT

പനമരം ∙ ബേലൂര്‍ മഖ്ന കാട്ടില്‍നിന്നു ജനവാസകേന്ദ്രമായ ചാലിഗദ്ദയിലേക്കു കടന്നതു വനംവകുപ്പ് ഒരുക്കിയ പ്രതിരോധ സംവിധാനത്തിലെ പാകപ്പിഴ മൂലം. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ വർഷങ്ങൾക്കു മുൻപ് കോടികൾ അനുവദിച്ച് കരാർ നൽകിയ ക്രാഷ് ഗാർഡ് റോപ് വേലിയുടെ നിർമാണ പ്രവൃത്തി പൂർത്തിയാകാത്തതാണ് കാട്ടാനയ്ക്ക് ഇതുവഴി ജനവാസകേന്ദ്രത്തില്‍ എളുപ്പത്തില്‍ എത്താനായത്.

ബേലൂര്‍ മഖ്ന കാട്ടില്‍ നിന്നിറങ്ങിയ നീര്‍വാരം, കൂടല്‍ക്കടവ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ 16 കിലോമീറ്ററോളം ദൂരം വരുന്ന ക്രാഷ് ഗാർഡ് റോപ് വേലിയുടെ പ്രവൃത്തി കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥയിൽ പൂർത്തിയാകാതെ നീളുകയാണ്. 2016ൽ ആണു പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച പണി 6 മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം.

കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയുള്ള 4.650 കിലോമീറ്റർ ദൂരം 3.60 കോടി രൂപയുടെ പദ്ധതിയില്‍ ഇരുമ്പു തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചതു മാത്രമാണു പുരോഗതി. ലൈൻ പോകുന്ന സ്ഥലത്തെ കാടുകളും മറ്റും നീക്കം ചെയ്തു കുഴികൾ എടുത്ത് ക്രാഷ് ഗാർഡുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. ക്രാഷ് ഗാർഡുകൾ പൂർണമായും ഉറപ്പിച്ചാൽ മാത്രമേ ഗാൽവനൈസിങ് സ്റ്റീൽ കമ്പികൾ ഉപയോഗിച്ചുള്ള ഇരുമ്പു കമ്പികൾ ബന്ധിപ്പിക്കാനാകൂ.

ദാസനക്കര മുതൽ 11. 22 കിലോമീറ്റർ ദൂരത്തിലാണ് ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ് സ്ഥാപിക്കുക. ഇതിനായി, ഫെൻസിങ് കടന്നുപോകുന്ന ചില ഭാഗത്ത് റോഡ് നിർമിച്ചതോടെ മുൻപു പ്രതിരോധ സംവിധാനത്തിനായി നിർമിച്ച കിടങ്ങുകളും വൈദ്യുത വേലിയും തകരുകയും ചെയ്തു. ഇതു വഴിയാണ് ഇപ്പോൾ വനത്തിൽ നിന്നു കാട്ടാനക്കൂട്ടം ഇറങ്ങുന്നതും. ബേലൂർ മഖ്ന നാട്ടിലേക്ക് എത്തിയതും പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്ന ഇതു വഴിയാണ്.

നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്ന വയനാട് നോർത്ത് സെക്‌ഷനിലെ ക്രാഷ് ഗാർഡുകൾക്ക് ഇടയിലൂടെയാണ് കാട്ടാന ചാലിഗദ്ദ ഭാഗത്തേക്ക് കടന്നത്. വേലിയുടെ നിർമാണം ആദ്യ കരാറിൽ പറഞ്ഞ സമയത്തു തീർത്തിരുന്നുവെങ്കിൽ മനുഷ്യജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

English Summary:

Crores spent on defense have gone in vain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com