കർണാടക രാത്രി യാത്രാ നിരോധനം ഒഴിവാക്കാൻ ഇടപെടുമെന്ന് ദിനേശ് ഗുണ്ടുറാവു
Mail This Article
കൽപ്പറ്റ∙ വയനാട്ടിൽ നിന്ന് കർണാടകത്തിലേക്കുള്ള രാത്രി യാത്ര നിരോധനം ഒഴിവാക്കാൻ ഇടപെടുമെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് വയനാട് കൽപ്പറ്റ ബസ് സ്റ്റേഷന് സമീപം നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ നിന്നു വയനാട് വഴി കേരളത്തിലേക്കുള്ള റെയിൽ കണക്ടിവിറ്റി കർണാടകയുടെ കൂടി ആവശ്യമാണ്. അതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അവർ മാധ്യമങ്ങളെ പോലും നിശബ്ദരാക്കുന്നു. ഇതിനെതിരെ സഹനസമരം നടത്തുന്ന രാഹുൽ ഗാന്ധി എന്ന നേതാവിലാണ് നമ്മുടെ പ്രതീക്ഷ.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ എന്തുകൊണ്ട് ബിജെപിക്ക് സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നില്ലെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. 100% സാക്ഷരതയും വിവേചന ബോധവുമുള്ള ഒരു ജനതയ്ക്ക് ബിജെപി പോലുള്ള സംഘടനയെ അംഗീകരിക്കാൻ കഴിയില്ല. ഭാരതം പ്രാണനുതുല്യം ചേർത്തുപിടിക്കുന്ന മതേതരത്വവും ബഹുസ്വരതയും എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഈ സംഘടനയെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പിന്റെ ജാഗ്രത കുറവാണ് മനുഷ്യജീവൻ കവരാൻ കാരണമെന്ന് കെ.സുധാകരൻ. ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക സംവിധാനം സർക്കാരിനുണ്ട്. ഇതെല്ലാം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ അധികൃതർ വരുത്തുന്ന വീഴ്ചയാണ് അപകടങ്ങൾക്ക് കാരണം. കഴിവുകേടിന്റെ പര്യായമായി വനംവകുപ്പ് മാറി. വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ വനം വകുപ്പ് തയ്യാറായില്ലെങ്കിൽ ആ ജോലി ജനം ഏറ്റെടുക്കുമെന്നും കെ സുധാകരൻ മുന്നറിയിപ്പു നൽകി.
ബോധമില്ലാത്ത വന്യമൃഗങ്ങളെക്കാൾ അപകടകാരികൾ കാര്യപ്രാപ്തിയില്ലാത്ത സംസ്ഥാന സർക്കാരാണെന്ന് വി.ഡി.സതീശൻ. കേരളത്തിന്റെ വനാതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കുഞ്ഞുമക്കൾക്ക് പഠിക്കാൻ പോകാൻ കഴിയുന്നില്ല, തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഉറ്റവനെ വന്യമൃഗങ്ങൾ കശാപ്പു ചെയ്യുമ്പോൾ വൈകാരികമായ പ്രതിഷേധം ഉണ്ടാകും. ഇതെല്ലാം നിയമം കൊണ്ട് നേരിടുന്നത് മനുഷ്യത്വം ഇല്ലായ്മയാണ്. ഇതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടുമെന്ന് സതീശൻ കൂട്ടിച്ചേർന്നു.
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ, ജെബി മേത്തർ,എംഎൽഎമാരായ ടി.സിദ്ദിഖ്,ഐ.സി. ബാലകൃഷ്ണൻ,എ.പി. അനിൽകുമാർ,എൻ. സുബ്രഹ്മണ്യം,പി.കെ.ജയലക്ഷ്മി,വി.പി. സജീന്ദ്രൻ, ജമീല ആലിപ്പറ്റ,കെ.ജയന്ത്.പി.എം.നിയാസ്, പഴകുളം മധു,എം.എം.നസീർ,ഐ.കെ.രാജു, ജയ്സൺ ജോസഫ്, നെയ്യാറ്റിൻകര സനൽ,പി.എ.സലിം, ജ്യോതികുമാർ ചാമക്കാല,കെ.കെ.അഹമ്മദ്,കെ. അഭിജിത്ത്, അഖിൽ വർക്കി, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ,പി.പി. അലി,കെ.ഇ. വിനയൻ,വി.എ.മജീദ്, എൻ.സി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.