ADVERTISEMENT

അജീഷിന്റെ വീട്ടിൽ‌ ആശ്വാസവാക്കുകളുമായി രാഹുൽ
മാനന്തവാടി ∙ ബേലൂർ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ സാന്ത്വനസ്പർശവുമായി രാഹുൽ ഗാന്ധി എംപി. ഇന്നലെ രാവിലെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. അജീഷിന്റെ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും സംസാരിച്ച രാഹുൽ ഗാന്ധി വിവരങ്ങൾ വ്യക്തമായി ചോദിച്ചറിഞ്ഞു. 

കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ 
കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എംപി സന്ദർശിക്കുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കെ‍ാല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എംപി സന്ദർശിക്കുന്നു.

റേഡിയോ കോളർ ധരിപ്പിച്ച കാട്ടാന കർണാടകയിൽ നിന്ന് എത്തിയ കാര്യം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. എന്റെ അവസ്ഥ ഇനി ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും താനനുഭവിച്ച വേദന മറ്റാർക്കും അനുഭവിക്കാൻ ഇടവരരുതെന്നും അജീഷിന്റെ മകൾ അൽന പറഞ്ഞു. നഷ്ടപരിഹാരമായി കൂടുതൽ തുക നൽകാൻ ആവശ്യപ്പെടുമെന്നു രാഹുൽ പറഞ്ഞു. എന്ത് കാര്യത്തിനും സമീപിക്കാമെന്നും എപ്പോഴും കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ഉറപ്പ് നൽകിയാണ് മടങ്ങിയത്. 

തോൽപെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലക്ഷ്മണന്റെ 
കുടുംബവുമായി രാഹുൽ ഗാന്ധി എംപി കൂടിക്കാഴ്ച നടത്തിയപ്പോൾ.
തോൽപെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലക്ഷ്മണന്റെ കുടുംബവുമായി രാഹുൽ ഗാന്ധി എംപി കൂടിക്കാഴ്ച നടത്തിയപ്പോൾ.

വീട്ടിൽ നിന്ന് ഇറങ്ങിയ രാഹുലിനോട് നാട്ടുകാർ ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വിളിച്ച് പറഞ്ഞു. നാട്ടുകാർ വാഹനത്തിനു ചുറ്റും കൂടി. കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിശാന്ത് കാറിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപിയോട് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ സമയം നൽകണമെന്ന് അറിയിച്ചു. അപ്പോഴേക്കും രാഹുൽ ഗാന്ധി ഗ്ലാസ് താഴ്ത്തി നാട്ടുകാർ പറയുന്നത് കേട്ടു. പ്രദേശത്ത് വന്യമൃഗ ശല്യം അതിരൂക്ഷമാണെന്നും 3 ഭാഗവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് ഫെൻസിങ് തകർന്നത് നന്നാക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അജീഷിന്റെ ജീവനെടുത്ത കാട്ടാനയെ പിടിക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ 8 ദിവസമായി നാടകം കളിക്കുകയാണെന്നും വിമുക്തഭടനായ കെ.ആർ. ജ്യോതിഷ് ഹിന്ദിയിൽ പറഞ്ഞു. 

എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി.എസ്. മൂസ, പി.വി. ജോർജ്, ടിജി ജോൺസൺ, വി.യു. ജോയി, ആലീസ് സിസിൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, എൻ.കെ. വർഗീസ് തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

‘പോളിന്റെ കുടുംബത്തെ ചേർത്തുനിർത്തും’
പാക്കം ∙ കാട്ടാന ആക്രമണത്തിൽ കുടുംബനാഥൻ നഷ്ടമായ വെള്ളച്ചാലിൽ കുടുംബത്തെ ചേർത്തു നിർത്തുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും രാഹുൽഗാന്ധി എംപി. ഇന്നലെ രാവിലെ 8.15 മണിയോടെ പാക്കത്ത് പോളിന്റെ വീട്ടിലെത്തിയ രാഹുൽഗാന്ധി പോളിന്റെ ഭാര്യ സാലി, മകൾ സോന എന്നിവരുമായി ആശയവിനിമയം നടത്തി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍പെടുത്തി വീട് പുതുക്കി നിർമിക്കും. വനാതിർത്തിയിലുള്ള വീടിന് മതിൽ നിർമിച്ച് കുടുംബത്തിന്റെ സുരക്ഷയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോനയുടെ ആഗ്രഹപ്രകാരം ഉന്നത വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായവും നൽകും. പിതാവിന് ചികിത്സ വൈകിയെന്നും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി പരിതാപകരമായ അവസ്ഥയിലാണെന്നും സോന എംപിയോട് പറഞ്ഞു. അടിയന്തര ചികിത്സാ സൗകര്യം ലഭിച്ചാൽ പിതാവ് രക്ഷപ്പെടുമായിരുന്നു. സാലിയുടെ പിതാവ് തോമസിനോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ ചോദിച്ചു മനസിലാക്ക.ി വന്യമൃഗശല്യത്തിൽ തങ്ങൾ വലയുകയാണെന്നും പരിഹാരം വേണമെന്നും നാട്ടുകാർ പറഞ്ഞു. രാഹുൽഗാന്ധിയുടെ സന്ദർശനം ആത്മവിശ്വാസമുണ്ടാക്കിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കെ.സി. ‌വേണുഗോപാൽ എംപി, എംഎൽഎ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ചു
കൽപറ്റ ∙ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള പാക്കം കാരേരി കാട്ടുനായ്ക്ക കോളനിയിലെ ശരത്തിന് അടിയന്തര ചികിത്സാ സഹായമായി രാഹുൽ ഗാന്ധി  എംപി 50,000 രൂപ അനുവദിച്ചു. കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തോൽപെട്ടി ബർഗിരി എസ്റ്റേറ്റിലെ ലക്ഷ്മണന്റെ കുടുംബത്തിന് അർഹമായ ധനസഹായം എത്രയും പെട്ടെന്ന് ഉറപ്പുവരുത്താൻ കലക്ടർ രേണുരാജിനു നിർദേശം നൽകി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളമുണ്ട പുളി‍ഞ്ഞാലിൽ തങ്കച്ചന്റെ ഭാര്യയ്ക്ക് താൽക്കാലിക ജോലി നൽകുന്നതിനും നഷ്ടപരിഹാരത്തുക പൂർണമായി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. മേപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞവറാന്റെ കുടുംബത്തിനു കൈത്താങ്ങ് പദ്ധതിയിൽ വീടു വച്ചുനൽകണമെന്ന് കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധി നിർദേശം നൽകി.

പ്രജീഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു രാഹുൽ ഗാന്ധി
ബത്തേരി∙ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷീന്റെ മൂടക്കൊല്ലിയിലെ വീട്ടിൽ ഇന്നലെ രാവിലെ ഒൻപതരയോടെ രാഹുൽ ഗാന്ധി എത്തി. പ്രദേശവാസികളും നാട്ടുകാരും രാഹുലിനെ കാത്ത് പ്രജീഷിന്റെ വീട്ടുപരിസരത്തുണ്ടായിരുന്നു.
20 മിനിറ്റോളം പ്രജീഷിന്റെ വീട്ടിൽ ചെലവഴിച്ച അദ്ദേഹം പരാതികൾ കേൾക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും കൻമതിലും സുരക്ഷാ വേലിയും ശക്തിപ്പെടുത്തണമെന്നും റോഡുകൾ നന്നാക്കണമെന്നും വൈദ്യുത തടസ്സം ഒഴിവാക്കണമെന്നും പ്രജീഷിന്റെ മാതാവും സഹോദരനും രാഹുൽ ഗാന്ധിയോട് പറഞ്ഞു. എല്ലാം ശ്രദ്ധാപൂർവം കേട്ട അദ്ദേഹം, വേണ്ട ഇടപെടലുകൾ നടത്താമെന്നും പറഞ്ഞു.നേതാക്കളായ കെ.സി. വേണുഗോപാൽ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.കെ. വിശ്വനാഥൻ, എൻ.ഡി. അപ്പച്ചൻ, ഡി.പി. രാജശേഖരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com