ADVERTISEMENT

കൽപറ്റ ∙ ബേലൂർ മഖ്ന  ദൗത്യത്തിനായി ഹൈദരാബാദിൽനിന്നുള്ള ട്രാപ് ഷൂട്ടർ നവാബ് ഷഫത്ത്‍ അലി ഖാനും സംഘവും വയനാട്ടിലെത്തി. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ നവാബ് ഷഫത്ത്‍ അലി ഖാൻ അദ്ദേഹത്തിന്റെ മൂന്നംഗ ടീമിനൊപ്പം വനത്തിൽ കയറി. ദൗത്യം ഏതുവിധത്തിൽ പുനരാരംഭിക്കാം, എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഖ്നയെ എളുപ്പത്തിൽ കീഴ്പെടുത്തേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു യാത്ര. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ബത്തേരി ഗജയിൽ നടന്ന അവലോകനയോഗത്തിലും ഷഫത്ത് അലി ഖാൻ പങ്കെടുത്തു.

വൈൽ‍ഡ് ട്രാൻക്വിങ് ഫോഴ്സ് എന്ന സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഷഫത്ത് അലി ഖാൻ. സാൻതാജി, ഫയാസ് എന്നിവർ ഒപ്പമുണ്ട്. വയനാടൻ കാടുകളുടെ ഭൂപ്രകൃതി വനപാലകരിൽനിന്ന് ചോദിച്ചു മനസ്സിലാക്കിയ ഷഫത്ത് അലി ഖാൻ മഖ്ന ദൗത്യം തുടരുന്നതിൽ തന്റെ മനസ്സിലുള്ള ആശയങ്ങൾ അവരുമായി പങ്കുവച്ചു. വയനാട്ടിലെ വനപാലകർക്കും പട്രോളിങ് സംഘത്തിനും ആർആർടികൾക്കും വന്യജീവി ദൗത്യങ്ങളിൽ മാർഗനിർദേശം നൽകുകയും ഹൈദരാബാദ് ടീമിന്റെ സന്ദർശനലക്ഷ്യമാണ്. 

മഖ്നയെ നവാബ് എന്തു ചെയ്യും? 
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ തുരത്താൻ കഴിഞ്ഞ നാലു പതിറ്റാണ്ടായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഷഫത്ത്‍ അലി ഖാൻ. പ്രശ്നക്കാരായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ ഇദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ അവനി എന്ന നരഭോജി കടുവയെ വെടിവച്ചുകൊന്നതടക്കമുള്ള വിവാദങ്ങൾ ഉയർത്തിക്കാട്ടി ഷഫത്ത് അലി ഖാന്റെ വരവിനെ എതിർക്കുകയാണു പരിസ്ഥിതിവാദികളും മൃഗസ്നേഹികളും. മനുഷ്യജീവനു ഭീഷണിയായാൽ വന്യജീവികളെ കൊല്ലണമെന്ന നിലപാടുള്ളതിനാൽ മൃഗസ്നേഹി മനേക ഗാന്ധിയുൾപെടെയുള്ളവരുടെ കണ്ണിലെ കരടാണ്. 

Belur Makhna. Photo: Screengrab: Manorama News.
Belur Makhna. Photo: Screengrab: Manorama News.

കൊല്ലുന്ന വന്യമൃഗങ്ങൾക്കൊപ്പം നിന്നു ചിത്രമെടുക്കുന്ന നവാബിന്റെ ശൈലിയെയും അവർ എതിർക്കുന്നു. നിലവിൽ ബേലൂർ മഖ്ന കർണാടക കാട്ടിലായതിനാൽ ദൗത്യസംഘത്തിന്റെ പ്രവർത്തനം സജീവമല്ല. കർണാടക വനത്തിൽ നിന്നു കേരളത്തിലെത്തുന്നതു വരെ ദൗത്യമാരംഭിക്കാൻ നവാബ് ഷഫത്ത് അലി ഖാനു കാത്തിരിക്കേണ്ടിവരും. വനത്തിനുള്ളിൽ മയക്കുവെടി വയ്ക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഉയർത്തിക്കാട്ടി പരിസ്ഥിതിവാദികളും രംഗത്തുണ്ട്. 

അവനിയെ കൊന്നത് ശരിയോ? 
2018ൽ മഹാരാഷ്ട്രയിൽ 13 പേരെ കൊലപ്പെടുത്തിയ അവനിയെ, മഹാരാഷ്ട്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഷഫത്ത് അലിഖാന്റെയും മകൻ അസ്ഗർ അലിഖാന്റെയും നേതൃത്വത്തിലുള്ള സംഘം യവത്മാൽ ജില്ലയിലെ പന്താർകാവ്ഡെ-റാളെഗാവ്  വനമേഖലയിൽ വെടിവച്ചുകൊന്നതാണു വിവാദമായത്. നടപടിക്രമങ്ങൾ പാലിക്കാതെയും നരഭോജിയെന്ന് ഉറപ്പാക്കാതെയുമാണു വെടിവച്ചതെന്നായിരുന്നു ആരോപണം. 

ഓപ്പറേഷൻ ബേലൂർ മഖ്ന‌യ്ക്കായി എത്തിയ കുങ്കിയാനകൾ
ഓപ്പറേഷൻ ബേലൂർ മഖ്ന‌യ്ക്കായി എത്തിയ കുങ്കിയാനകൾ

എന്നാൽ, മൃഗങ്ങളെ ഒറ്റയടിക്കു കൊല്ലുകയെന്നല്ല, ഭീഷണിയുയർത്തിയാൽ മയക്കുവെടിവയ്ക്കുകയും നടന്നില്ലെങ്കിൽ മാത്രം സർക്കാരിന്റെ അനുമതിയോടെ ഇല്ലാതാക്കുകയും ചെയ്യുക എന്ന നിലപാടുകാരനാണ് ഷഫത്ത് അലി ഖാൻ. അവ്നിയെ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ടുവെന്നും തങ്ങൾക്കു നേരെ അക്രമണോത്സുകമായി ചാടിയടുത്തപ്പോൾ ആത്മരക്ഷാർഥം വെടിവയ്ക്കുകയായിരുന്നുവെന്നുമാണു ഷഫത്ത് അലിയുടെ മകനും അവ്‌നി ഓപ്പറേഷനിലെ പ്രധാനിയുമായ അസ്ഗർ അലി ഖാൻ മാധ്യമങ്ങളോടു പറഞ്ഞത്. 

ശിക്കാർ സിരകളിലെ ലഹരി

ഉത്തരേന്ത്യയിലുൾപെടെ കർഷകർക്കു നിരന്തര ശല്യമായ 200 നീൽഗായ്കളെയും 50 കാട്ടുപന്നികളെയും ഷഫത്ത് അലി ഖാൻ വകവരുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദാപ്പൂരിൽ മാത്രം 3 കടുവകളെയും 10 പുള്ളിപ്പുലികളെയും ഷഫത്ത് അലി ഖാൻ കൊന്നുവെന്നാണ് മനേക ഗാന്ധി പറയുന്നത്. എന്നാൽ, ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നൽകിയിട്ടുണ്ടെന്നും കാട്ടിൽ നിന്ന് കടുവയോ ആനയോ വന്ന് ആളുകളെ കൊന്നാൽ താൻ ആളുകൾക്കൊപ്പമായിരിക്കുമെന്നും ഷഫത്ത് അലി ഖാൻ പറയും. ഹൈദരാബാദിലെ ശിക്കാരികളുടെ കുടുംബത്തിലാണ് ഷഫത്ത് അലി ഖാന്റെ ജനനം. ബ്രിട്ടിഷ് ഇന്ത്യയിലെ പ്രശസ്ത ആനവേട്ടക്കാരനായ സുൽത്താൻ അലിഖാൻ ബഹാദൂറിന്റെ മകൻ.  അലിഖാൻ ബഹാദൂറിന്റെ പിതാവ് നവാബ് അർഷാദ് അലിഖാനും വേട്ട ഹരമായിരുന്നു. 

വയനാട്ടിലെ തോല്‍പെട്ടി റെയ്ഞ്ചിലെ ബാവലി ചാമ്പാളം വയലില്‍ ഇന്നലെ രാവിലെ വനംവകുപ്പ് സംഘത്തെ തുരത്തിയോടിക്കുന്ന ബേലൂർ മഖ്നയുടെ കൂട്ടാളിയായ മോഴയാന.
വയനാട്ടിലെ തോല്‍പെട്ടി റെയ്ഞ്ചിലെ ബാവലി ചാമ്പാളം വയലില്‍ ഇന്നലെ രാവിലെ വനംവകുപ്പ് സംഘത്തെ തുരത്തിയോടിക്കുന്ന ബേലൂർ മഖ്നയുടെ കൂട്ടാളിയായ മോഴയാന.

നവാബ്  കോടഞ്ചേരിയിലും; കാട്ടുപന്നികൾ‌ കാലപുരിക്ക്
കേരളത്തിൽ ഇതിനു മുൻപും കൃഷി നശിപ്പിക്കുന്ന വന്യജീവികളിൽനിന്നു കർഷകരെ രക്ഷിക്കാൻ നവാബും സംഘവും എത്തിയിരുന്നു. കഴിഞ്ഞമാസം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലെത്തിയ നവാബ് ഷഫത്ത് അലിഖാനും സംഘവും കൃഷി നശിപ്പിക്കുന്ന 5 കാട്ടുപന്നികളെ ഒറ്റദിവസം കൊണ്ടു കൊന്നു. പരിശീലനം ലഭിച്ച നായ്ക്കളെയും ഇവർ കാട്ടുപന്നി വേട്ടയ്ക്ക് ഉപയോഗിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ എത്തിയ സംഘം 11 കാട്ടുപന്നികളെയാണു വകവരുത്തിയത്. ആധുനിക തോക്കുകളും സെർച്ച് ലൈറ്റുകളുമൊക്കെയായാണ് നവാബിന്റെ സംഘം മൃഗങ്ങളെ വകവരുത്താനിറങ്ങുന്നത്. 

നവാബിന്റെ വരവിനെതിരെ കർണാടകയിലും മൃഗസ്നേഹികൾ വൻ പ്രതിഷേധത്തിലാണ്. തങ്ങളുടെ അധികാരപരിധിയിലെ വനത്തിനുള്ളിൽ സൈര്യവിഹാരം നടത്തുന്ന ബേലൂർ മഖ്ന നവാബിന്റെ കണ്ണിൽപെടാൻ പ്രാർഥിക്കുന്നുവെന്നും ഇല്ലെങ്കിൽ മഖ്നയെ നവാബ് വെടിവച്ചുകൊല്ലുമെന്നും കർണാടക പരിസ്ഥിതിവാദികൾ പറയുന്നു. ബേലൂർ മഖ്നയെ കാട്ടിൽ മയക്കുവെടി വയ്ക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. അതു പാലിക്കപ്പെടില്ലെന്നുറപ്പാക്കുന്ന തരത്തിലാണ് കേരള വനംവകുപ്പിന്റെ നടപടികൾ. ബേലൂർ മഖ്ന കർണാടകയിൽ ആരെയും ഉപദ്രവിച്ചില്ല. ഉപദ്രവകാരികളായ വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തുന്നു. 

(1) അജീഷിനെ വീട്ടിലേക്കു പിന്തുടർന്നെത്തുന്ന മോഴയാന ബേലൂർ മഖ്ന (2) മുറ്റത്തു വീണു കിടക്കുന്ന അജീഷ് (ഫയൽ ചിത്രം)
(1) അജീഷിനെ വീട്ടിലേക്കു പിന്തുടർന്നെത്തുന്ന മോഴയാന ബേലൂർ മഖ്ന (2) മുറ്റത്തു വീണു കിടക്കുന്ന അജീഷ് (ഫയൽ ചിത്രം)

‘മറുനാടൻ’ ടീമിന്റെ വരവില്‍ പ്രതിഷേധം: ദൗത്യസംഘാംഗങ്ങള്‍ ഇറങ്ങിപ്പോയി  

ബത്തേരി ∙ ബേലൂർ മഖ്നയെ മയക്കുവെടി വച്ച് പിടികൂടാൻ ഹൈദരാബാദില്‍നിന്ന്  സ്വകാര്യ സന്നദ്ധ സംഘാംഗങ്ങൾ വന്നതിൽ വയനാടൻ ട്രാക്കിങ് മയക്കുവെടി ദൗത്യ സംഘത്തിന് അമർഷം. ഷാർപ് ഷൂട്ടറായ നവാബ് ഷഫത്ത് അലി ഖാൻ, തെലങ്കാന വൈൽഡ് ബോർ കള്ളിങ് ടീമിലെ സാൻ താജി, സഹായി ഫയാസ് എന്നിവരാണ് ബേലൂർ മഖ്ന ദൗത്യത്തിന് എത്തിയിട്ടുള്ളത്. എന്നാൽ ഭൂമിശാസ്ത്രപരമായി ഇവിടെ ഒരു പരിചയവുമില്ലാത സ്വകാര്യ ടീമിനെ ദൗത്യത്തിന്റെ കടിഞ്ഞാൺ ഏൽപിക്കുന്നതിൽ, വയനാട് വന്യജീവി സങ്കേതം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുവെടി ദൗത്യ സംഘത്തിലെ പലരും നീരസം പ്രകടിപ്പിച്ചു.

ഡോ. അരുൺ സഖറിയ കഴിഞ്ഞ ഒരാഴ്ചയായി ബേലൂർ മഖ്ന ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നെങ്കിലും ഇന്നലത്തെ യോഗത്തിൽ അദ്ദേഹം വന്നില്ല. അദ്ദേഹം നിലവില്‍ കോഴിക്കോടാണുള്ളത്. സംഘാംഗങ്ങളിൽ ചിലർ ഇന്നലെ നടന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാട്ടാന, കടുവ എന്നിങ്ങനെ മയക്കുവെടി വച്ച് പിടികൂടേണ്ടി വന്ന നൂറിലധികം കേസുകളിൽ ഇടപെട്ട് വിജയം വരിച്ചവരാണ് 15 മുതൽ 40 പേർ വരെ അടങ്ങിയ വയനാടൻ സംഘം. ഇവരിൽ പലരെയും തഴഞ്ഞാണ് പുതിയ സംഘത്തെ ഏൽപിക്കുന്നതെന്നാണ് പരാതി. എന്നാൽ വയനാടൻ ടീം അംഗങ്ങൾക്ക് പരിശീലനം നൽകാൻ മാത്രമാണ് തെലങ്കാന സംഘം വന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com