ADVERTISEMENT

പനമരം ∙ നെയ്ക്കുപ്പയിൽ കടുവ പോത്തിനെ കൊന്ന സംഭവത്തിൽ വനംവകുപ്പ് നിഷേധ നിലപാടു സ്വീകരിക്കുകയാണെന്ന് ആരോപിച്ച് കടുവ കൊന്ന പോത്തിന്റെ ജഡവുമായി നാട്ടുകാർ വനംവകുപ്പ് ക്വാർട്ടേഴ്സും റോഡും ഉപരോധിച്ചു. ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ വനംവകുപ്പ് അധികൃതർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. 

നടവയൽ ടൗണിൽ സമരക്കാർ റോഡ് ഉപരോധിച്ചപ്പോൾ.
നടവയൽ ടൗണിൽ സമരക്കാർ റോഡ് ഉപരോധിച്ചപ്പോൾ.

കർഷക ജനതയുടെ ശക്തമായ പ്രതിഷേധത്തിനാണ് ഇന്നലെ നെയ്ക്കുപ്പ നടവയൽ പ്രദേശങ്ങൾ സാക്ഷിയായത്. ഞായർ വൈകിട്ടു നെയ്ക്കുപ്പ ചെക്പോസ്റ്റിനു സമീപത്തെ പറപ്പിള്ളിൽ ഷാജിയുടെ പോത്തിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. സന്ധ്യയോടെ നാട്ടുകാർ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നെയ്ക്കുപ്പ ഫോറസ്റ്റ് ക്വാർട്ടേഴ്സിലെത്തി പ്രതിഷേധിച്ചു സമീപത്തെ റോഡ് ഉപരോധിച്ചു. 

റോഡ് ഉപരോധത്തിനു മുന്നോടിയായി കടുവ കൊന്ന പോത്തിനെ വാഹനത്തിൽ നടവയൽ ടൗണിൽ എത്തിച്ചപ്പോൾ.
റോഡ് ഉപരോധത്തിനു മുന്നോടിയായി കടുവ കൊന്ന പോത്തിനെ വാഹനത്തിൽ നടവയൽ ടൗണിൽ എത്തിച്ചപ്പോൾ.

കേണിച്ചിറ പൊലീസ് എത്തി വനപാലകരുമായി സംസാരിച്ച് ഇന്നലെ രാവിലെ 10ന് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയതോടെ നാട്ടുകാർ പിരിഞ്ഞു പോയിരുന്നു. വനംവകുപ്പ് കടുവ പോത്തിനെ കൊന്ന സ്ഥലത്തെത്തി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. 

നടവയൽ ടൗണിൽ പ്രതിഷേധവുമായി എത്തിയവർ പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുന്നു.
നടവയൽ ടൗണിൽ പ്രതിഷേധവുമായി എത്തിയവർ പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുന്നു.

ഇന്നലെ രാവിലെ നാട്ടുകാരും കേണിച്ചിറ പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ളവരും എത്തിയെങ്കിലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണു നാട്ടുകാർ കടുവ കൊന്ന പോത്തിന്റെ ജഡവുമായി ഫോറസ്റ്റ് ക്വാർട്ടേഴ്സും നടവയൽ പുൽപള്ളി റോഡും ഉപരോധിച്ചത്. 

ഇതിനിടെ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ അടക്കമുള്ളവർ സ്ഥലത്തെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കില്ലെന്നായതോടെ നാട്ടുകാർ പോത്തിനെയുമായി നടവയൽ ടൗണിലെത്തി പനമരം – ബീനാച്ചി റോഡും പനമരം – പുൽപള്ളി റോഡും ഉപരോധിക്കുകയായിരുന്നു. 

നടവയൽ ടൗണിൽ ഉപരോധം ആരംഭിച്ചതോടെ പനമരം, പൂതാടി, പുൽപള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ എത്തി. സമരക്കാർക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടവയൽ ടൗണിൽ കടകളടച്ച് ഹർത്താലും ആരംഭിച്ചതോടെ പ്രതിഷേധം അണപൊട്ടി. ഇതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്തു പനമരം, കേണിച്ചിറ, പുൽപളളി പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസും സ്ഥലത്തെത്തി. 

വാഹനങ്ങൾ തടഞ്ഞ് റോഡിനു കുറുകെ പന്തൽ കെട്ടി പ്രതിഷേധസമരം ശക്തമായി. പിന്നീട് വനംവകുപ്പ് ഡപ്യൂട്ടി റേഞ്ച് ഇൻ ചാർജുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി, പുൽപള്ളിയിൽ കൂട്ടിലായ കടുവയുമായി പോയതിനാലാണ് എത്താൻ വൈകിയതെന്നും വൈകിയതിൽ ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. പിന്നീട് സമരക്കാരുമായി ചർച്ച നടത്തുകയും നാട്ടുകാർ മുന്നോട്ടുവച്ച 5 ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തതോടെയാണു സമരം അവസാനിച്ചത്. 

അനങ്ങാപ്പാറനയം സ്വീകരിക്കുന്ന വനംവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടന്നു. നെയ്ക്കുപ്പ വനാതിർത്തിയിലെ വൈദ്യുത വേലിയുടെ നിർമാണ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കുക, കടുവ കൊന്ന് ഭക്ഷിച്ച പോത്തിന്റെ ഉടമയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകുക, നെയ്ക്കുപ്പയിൽ സ്ഥിരമായി കാവൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സമരക്കാർക്കെതിരെ കേസെടുത്തു
നെയ്ക്കുപ്പയിൽ കടുവ ആക്രമിച്ചു കൊന്ന പോത്തിന്റെ ജഡവുമായി ഇന്നലെ നടവയൽ ടൗണിൽ റോഡിൽ കുത്തിയിരുന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്തതിനെതിരെ പനമരം പൊലീസ് കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ കേസ് എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com