‘ഇവനെ ഇങ്ങനെ ചോദ്യം ചെയ്താൽ പോരാ, നല്ല ഇടി കൊടുക്കണം, നിങ്ങളിതു കാണണം’
Mail This Article
കൽപറ്റ ∙ ജെ.എസ്. സിദ്ധാർഥൻ കേസിലെ 2 പ്രതികളെക്കൂടി സർവകലാശാല ക്യാംപസിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. രെഹാൻ ബിനോയ്, എസ്.ഡി. ആകാശ് എന്നിവരെയാണ് ഹോസ്റ്റലിനടുത്തുള്ള കുന്നിൻമുകളിലേക്ക് അന്വേഷണോദ്യോഗസ്ഥൻ ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ളസംഘം എത്തിച്ചത്. 16ന് പുലർച്ചെ പൂക്കോട്ട് തിരിച്ചെത്തിയ സിദ്ധാർഥനെ അന്ന് വൈകിട്ടുവരെ പ്രതികൾ ഹോസ്റ്റലിൽ തടങ്കലിലിട്ടു. രാത്രി 9ന് പ്രതികളായ രെഹാനും ആകാശും ഡാനിഷും അടങ്ങുന്ന സംഘം ഈ കുന്നിൻപുറത്തെത്തിച്ചു. മറ്റൊരു പ്രതിയായ കാശിനാഥൻ ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
സിദ്ധാർഥനെ ആദ്യമായി വിചാരണ ചെയ്യുന്നതും മർദിക്കുന്നതും ഇവിടെയാണെന്ന് പ്രതികൾ പൊലീസിനോടു സമ്മതിച്ചു. പിന്നീട് ‘‘ഇവനെ ഇങ്ങനെ ചോദ്യം ചെയ്താൽ പോരാ... നല്ല ഇടി കൊടുക്കണം’’ എന്നെല്ലാം പറഞ്ഞ് പ്രതികൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ ഉൾപെടയുള്ളവർ താമസിക്കുന്ന 21–ാം നമ്പർ മുറിയിലെതിച്ചു.
അവിടെ മുഖ്യപ്രതി സിൻജോ ജോൺസണുമുണ്ടായിരുന്നു. രണ്ടു മണിക്കൂറോളം തുടർച്ചയായി സിദ്ധാർഥനെ ചോദ്യം ചെയ്തു. ഓരോ ചോദ്യത്തിനും സിദ്ധാർഥൻ മറുപടി പറഞ്ഞപ്പോൾ സിൻജോ ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ ഉപയോഗിച്ച് അടിച്ചുകൊണ്ടിരുന്നു. തുടർന്ന് പ്രതികൾ സിദ്ധാർഥനെ ഹോസ്റ്റലിന്റെ നടുമുറ്റത്തെത്തിച്ചു. അവിടെവച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് മർദനവും വിചാരണയും തുടർന്നു.
ഹോസ്റ്റലിൽ ഉറങ്ങിക്കിന്നവരെയുൾപ്പെടെ വിളിച്ചുവരുത്തി ‘നിങ്ങളിതു കാണണമെന്നും ഇവനെ അടിക്കണമെന്നും ’ ആവശ്യപ്പെട്ടു. പുലർച്ചെ 17ന് 1.45 വരെ ഈ വിചാരണ നീണ്ടു. ഇക്കാര്യങ്ങളെല്ലാം തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനോടു വിശദീകരിച്ചു.