കേരളത്തിന്റെ കടം വർധന മാത്രം ചർച്ച ചെയ്യുന്നു: പി.പി.സുനീർ
Mail This Article
ബത്തേരി ∙ രാജ്യത്തിന്റെ പൊതുകടം വർധിക്കുമ്പോൾ കേന്ദ്രം അതു ചർച്ച ചെയ്യാതെ കേരളത്തിന്റെ കടം വർധിക്കുന്നതു മാത്രം ചർച്ച ചെയ്യുകയാണെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ. എൽഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി പ്രശ്നത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ആളാണ് താനെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പറഞ്ഞു.
വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചപ്പോൾ വയനാടുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നെന്നും അവർ പറഞ്ഞു.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറി പി.ഗഗാറിൻ, കെ.സി.റോസക്കുട്ടി, വി.വി.ബേബി, ഇ.ജെ.ബാബു, പി.എം.ജോയി, ഷാജി ചെറിയാൻ, കെ.എസ്.സ്കറിയ, വീരേന്ദ്രകുമാർ, ടി.ജെ.ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു. വി.വി. ബേബി ചെയർമാനായും സി.എം. സുധീഷ് കൺവീനറായും 251 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ആനി രാജയുടെ പ്രചാരണം പുരോഗമിക്കുന്നു
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചരണ പരിപാടികൾ തുടരുന്നു. പാർലമെന്റ് കമ്മിറ്റി രൂപീകരണം പൂർത്തിയായതോടെ മണ്ഡല- പ്രദേശിക തലങ്ങളിലും എൽഡിഎഫ് കമ്മിറ്റികൾ ചിട്ടയായ പ്രവർത്തനങ്ങളിലാണ്. മാനന്തവാടി മണ്ഡലം കൺവൻഷൻ ഇന്ന് പൂർത്തിയാകുന്നതോടെ ജില്ലയിലെ 3 മണ്ഡലങ്ങളിലും എൽഡിഎഫ് കമ്മിറ്റി നിലവിൽ വരും.
ഇന്നലെ രാവിലെ മുതൽ മുട്ടിൽ, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ആനി രാജ വോട്ട് അഭ്യർഥിച്ചു. തുടർന്ന് എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിലും കൽപറ്റ സഹകരണ ഹാങ്കിൽ നടന്ന വനിതാ ദിന പരിപാടിയിലും പങ്കെടുത്തു. എസ്എഫ്ഐ കൽപറ്റ ഏരിയ സമ്മേളനത്തിലും പങ്കെടുത്തു തിരുവമ്പാടിയിലേക്കു പോയി.