ADVERTISEMENT

മാനന്തവാടി ∙ ആരാധനാലയങ്ങൾ സന്ദർശിച്ചും കൺവൻഷനുകളിൽ പങ്കെടുത്തും  എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മാനന്തവാടി നിയമസഭാ  മണ്ഡലത്തിൽ  ആദ്യഘട്ട പര്യടനം പൂർത്തിയാക്കി.  കഴിഞ്ഞ ദിവസം മാനന്തവാടി ബിഷപ് ഹൗസിലെത്തി ബിഷപ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച ആനി രാജ ഇന്നലെ കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. 

പള്ളിക്കൽ മദീനത്തുൽ നസീഹയിലെത്തി വിദ്യാർഥികളോടും, അധ്യാപകരോടും വോട്ട് അഭ്യർഥിച്ചു.  കേന്ദ്ര മുഷവറ അംഗം പി. ഹസൻ മുസ‌ല്യാരുമായി കൂടിക്കാഴ്ച നടത്തി പിന്തുണയും സഹായവും അഭ്യർഥിച്ചു. പഴശ്ശി നഗറിൽ നടന്ന  എൽഡിഎഫ് എടവക ലോക്കൽ കൺവൻഷനിലെത്തിയപ്പോൾ പൂക്കളും പൂമാലയും നൽകിയാണ് പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. പള്ളിയറ ക്ഷേത്രോത്സവത്തിലും പങ്കാളിയായ ആനി രാജ  ഇവിടെയെത്തിയ ഭക്തരോടും വോട്ടുകൾ അഭ്യർഥിച്ചു. 

തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ ടൗണിൽ‌   പ്രവർത്തകർ പ്രകടനമായി സ്ഥാനാർഥിയെ സ്വീകരിച്ചു.   കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ നടന്ന എൽഡിഎഫ് കാട്ടിക്കുളം ലോക്കൽ കൺവെൻഷനിലും പ്രവർത്തകരെ അഭിസംബോധന ചെയ്തു.  കാട്ടിക്കുളം കരുണാഭവൻ സന്ദർശിച്ചു.  ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും തിരുഹൃദയ കോൺവെന്റിലും സന്ദർശനം നടത്തിയ ശേഷം  എൽഡിഎഫ് തിരുനെല്ലി ലോക്കൽ കൺവൻഷനിലുമെത്തി. എൽഡിഎഫ് അഞ്ചുകുന്ന്, നല്ലൂർനാട് ലോക്കൽ കൺവൻഷനുകളിലും പങ്കെടുത്ത്  പനമരം ബദറുൽഹുദ ക്യാംപസിലെത്തി വിദ്യാർഥികളോടും അധ്യാപകരോടും വോട്ട് അഭ്യർഥിച്ചാണ് രാത്രിയോടെ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com