കൂനൂരിൽ കാട്ടുതീ; തീ പടരാൻ തുടങ്ങിയിട്ട് 6 ദിവസം, ഏക്കറുകണക്കിന് വനം നശിച്ചു
Mail This Article
ഗൂഡല്ലൂർ ∙ കൂനൂർ ഭാഗത്ത് 6 ദിവസമായി പടർന്നു കത്തുന്ന കാട്ടുതീ കെടുത്താൻ കഴിയാതെ വന്നതോടെ വനംവകുപ്പ് വ്യോമസേനയുടെ സഹായം തേടി. കോയമ്പത്തൂരിനടുത്തുള്ള സൂളൂരിലെ വ്യോമസേന വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിൽ വെള്ളം കൊണ്ടു വന്നു വനത്തിൽ തളിച്ചു തുടങ്ങി. കൂനൂരിനടുത്തുള്ള റാലിയ അണക്കെട്ടിൽ നിന്നാണ് വെള്ളം എടുക്കുന്നത്. 6 ദിവസമായി പടർന്നു കത്തുന്ന തീ കെടുത്താനായി അഗ്നിരക്ഷാസേനയും വനം ജീവനക്കാരും പരിശ്രമിക്കുന്നുണ്ട്.
കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തിയിട്ടുണ്ട്. കൂറ്റൻ പൈൻ മരങ്ങളിൽ പടർന്നു പിടിച്ച തീ കെടുത്തുന്നതു ശ്രമകരമായ ദൗത്യമാണ്. മരങ്ങളിലുള്ള പൈൻ എണ്ണയാണ് തീ വ്യാപകമായി പടരാൻ കാരണമായത്. ഇവിടെയുണ്ടായിരുന്ന മൃഗങ്ങൾ താഴ്‌വാരത്തിലെ വനങ്ങളിലേക്ക് പോയതായി വനം വകുപ്പ് അറിയിച്ചു. തീ കൂടുതൽ വ്യാപിക്കുന്നതു തടയാനായി കാടിനു ചുറ്റും ഫയർലൈനും നിർമിച്ചിട്ടുണ്ട്.