കൊടുംവേനൽ; കരിഞ്ഞുണങ്ങി അതിർത്തി വനങ്ങൾ
Mail This Article
പുൽപള്ളി ∙ വേനൽ ശക്തമായതോടെ അതിർത്തി വനങ്ങൾ കരിഞ്ഞുണങ്ങി. വയനാടിനോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതങ്ങളാണ് ചെറിയൊരു തീപ്പൊരിയുണ്ടായാൽ പോലും ചാമ്പലാകുമെന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്. കാട്ടു തീയുണ്ടായാൽ കോരിയൊഴിക്കാൻ തുള്ളി വെള്ളം പോലും വനത്തിലില്ല. അഗ്നിരക്ഷാസേനയുടെ ടാങ്കറുകളിലാണ് ബന്ദിപ്പൂരിൽ വെള്ളമെത്തിക്കുന്നത്. മൺസൂൺ മഴക്കുറവ് കാര്യമായി അനുഭവപ്പെട്ട മേഖലയാണിത്. നീലഗിരി ജൈവ മണ്ഡലത്തിൽ കഴിഞ്ഞവർഷം ശരാശരിയുടെ പകുതി മഴ പോലും ലഭിച്ചില്ല. ഡിസംബറോടെ ചെറുഅരുവികളും കുളങ്ങളും വറ്റി.
കാട്ടുതീ പ്രതിരോധത്തിന് കണ്ണിമ ചിമ്മാത്ത കാവലാണ് ഈ മേഖലയിൽ ഒരുക്കിയിട്ടുള്ളത്. വനമേഖലയിലെ റോഡുകളിലും കാവൽ ശക്തം. 500 മീറ്റർ അകലത്തിൽ വാച്ചർമാരെ നിയോഗിച്ചു നിരീക്ഷിക്കുന്നു. ഇതിനുപുറമെ പട്രോളിങ് സംഘവും ഗോപുര നിരീക്ഷണവുമുണ്ട്. വേനൽക്കാലം കഴിയുംവരെ ആരും വനത്തിൽ പ്രവേശിക്കാൻ പാടില്ല. എല്ലാത്തരം സഫാരികളും വിലക്കി. വനപാതകളിൽ വാഹനങ്ങൾ നിർത്തുന്നവരെ കണ്ടെത്തി പിഴയീടാക്കും. ബാവലി– എച്ച്ഡി കോട്ട, ബത്തേരി – ഗുണ്ടൽപേട്ട, കുട്ട – ഹുൺസൂർ പാതകളിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും വനംവകുപ്പിന്റെ ക്യാമറ നിരീക്ഷണത്തിലാണ്. വനത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കടന്നുപോകണം.
വിശാലമായ വനമേഖലയിലെ പ്രധാന ജലസ്രോതസ്സ് കബനിയാണ്. ദൂരെ ദിക്കുകളിൽ നിന്നും കബനിയുടെ തീരത്തേക്ക് വൻതോതിൽ മൃഗങ്ങളെത്തുന്നുണ്ട്. അവയിൽ കുറെ വയനാട് വന്യജീവി സങ്കേതത്തിലേക്കും. നിലവിലുള്ള മൃഗശേഷിക്കു പുറമേ കൂടുതലായെത്തുന്നവ ഇവിടെയും പ്രശ്നമുണ്ടാക്കുന്നു. കർണാടക വനത്തിൽ തീപിടിച്ചാൽ കേരള വനത്തിലേക്കു പടരാനുള്ള സാധ്യതയുമേറെയാണ്. സംസ്ഥാനാതിർത്തിയിൽ വലിയ ഫയർ ലൈനുകൾ നിർമിച്ച് ഇവിടെയും കാവലൊരുക്കിയിട്ടുണ്ട്. കാട്ടുതീയുണ്ടായാൽ വിവരങ്ങൾ അപ്പപ്പോൾ കൈമാറാൻ 3 സംസ്ഥാനങ്ങളിലെയും വനപാലകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വനസംരക്ഷണം, കാട്ടുതീ പ്രതിരോധം എന്നിവയിൽ കൂട്ടായ പ്രവർത്തനം നടത്താൻ ബന്ദിപ്പൂരിൽ ചേർന്ന സംസ്ഥാന മന്ത്രിമാരുടെയും വനപാലകരുടെയും യോഗം തീരുമാനിച്ചിരുന്നു.
വന്യജീവി സങ്കേതത്തിലും മറ്റിടങ്ങളിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. വേനൽമഴ ലഭിക്കും വരെയിത് ശക്തമാക്കേണ്ടിവരും. കരിഞ്ഞുണങ്ങിയ വനത്തിലെ ഭക്ഷ്യക്ഷാമം മൂലം മൃഗങ്ങൾ കാടിറങ്ങാൻ കാരണമായി. വിവിധ സ്ഥലങ്ങളിലെ തേക്കുത്തോട്ടങ്ങളിൽ ഒരുജീവിക്കും തങ്ങാൻ കഴിയാത്തവിധം ചൂട് കൂടുതലാണ്. തേക്കുത്തോട്ടങ്ങളിലെ ജലസ്രോതസ്സുകൾ വേഗത്തിൽ വരളുന്നു. കൂടുതലായി ചൂട് പുറന്തള്ളുന്ന തേക്കുത്തോട്ടങ്ങളുടെ പരിസരപ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നുണ്ട്.''പെരിഞ്ചേരി മലയിൽ വനം
കത്തിയ സംഭവത്തിൽ 2 പേർ പിടിയിൽ
മക്കിയാട് ∙ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേരി മലയിൽ വനം കത്തിയ സംഭവത്തിൽ 2 പേർ പിടിയിൽ. പെരിഞ്ചേരി മല കോളനിയിലെ സഹോദരങ്ങളായ വിജയൻ (23), അനീസ് (25), എന്നിവരാണു വനം വകുപ്പിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ മാസം 10നായിരുന്നു മലയിലെ അടിക്കാടിനു തീ പിടിച്ചത്. സംഭവത്തിൽ 4 ഹെക്ടറോളം പുൽമേട് കത്തി നശിച്ചിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ എത്തി തീ നിയന്ത്രണ വിധേയമാക്കുകയും കേസെടുക്കുകയും ചെയ്തു. ഡപ്യൂട്ടി റേഞ്ചർ ബി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. വനത്തിൽ തീയിട്ടത് തങ്ങളാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയോ പങ്കാളിത്തമോ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു.