കുരങ്ങുശല്യം; പാമ്പുംകുനിയിലെ വാഴക്കർഷകർ ദുരിതത്തിൽ
Mail This Article
തരിയോട് ∙ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി പാമ്പുംകുനി പ്രദേശത്തെ വാഴക്കർഷകർ. വാഴക്കുലകൾ പൂർണമായും നശിപ്പിക്കുകയാണ് വാനരക്കൂട്ടം. കൃഷിയുടെ തുടക്കത്തിൽ പ്രദേശത്തെ നൂറുകണക്കിനു തൈകൾ ഇവ നശിപ്പിച്ചിരുന്നു. തുടർന്നു വീണ്ടും വിത്തിറക്കി വാഴകൾ വളർത്തി വലുതാക്കിയപ്പോൾ വിളവെടുക്കാൻ പാകമായ അടക്കമുള്ള വാഴക്കുലകൾ തിന്നു നശിപ്പിക്കുകയാണ് ഇവ. കർഷകർ പകൽ മുഴുവൻ കൃഷിയിടങ്ങളിൽ കാവൽ നിന്നാണു വിളവെടുക്കാൻ പാകത്തിൽ കൃഷി എത്തിച്ചത്.
ഇപ്പോഴും കാവൽ തുടരുന്നുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചെത്തുന്ന കുരങ്ങുകൾ കണ്ണിൽ കണ്ട വാഴക്കുലകൾ എല്ലാം കൂട്ടത്തോടെ നശിപ്പിക്കുകയാണ്. കുരങ്ങുശല്യം കാരണം 2 തവണ കൃഷി നടത്തിയതിന്റെ സാമ്പത്തിക പ്രതിസന്ധി വിളവെടുപ്പിൽ മറികടക്കാമെന്നു കണക്കുകൂട്ടിയ കർഷകർക്കു കനത്ത തിരിച്ചടിയായി വാനരസംഘത്തിന്റെ വിളവെടുപ്പ്.
കൃഷിയുടെ തുടക്കത്തിൽ വാഴത്തൈകൾ നശിപ്പിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ വനം വകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല. കുരങ്ങ് ശല്യം ശക്തമായി തുടരുകയും നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയും വന്നതോടെ വൻ നഷ്ടം തുടർക്കഥയായി മാറിയ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണു കർഷകർ.