പോക്സോ കേസ്: പ്രതിക്ക് 130 വർഷം കഠിന തടവും 150000 രൂപ പിഴയും
Mail This Article
നൂൽപുഴ∙ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് 130 വർഷത്തെ കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ഹരിപ്രിയ പി. നായരാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളായി കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം 2023-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിതാവാണ് കുട്ടിയെ പീഡിപ്പിച്ചത്.
കേസിന്റെ ആദ്യാന്വേഷണം നടത്തിയത് മീനങ്ങാടി ഇൻസ്‌പെക്ടർ ആയിരുന്ന ബിജു ആന്റണിയായിരുന്നു. പിന്നീട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് നൂൽപുഴ ഇൻസ്‌പെക്ടർ ആയിരുന്ന ജെ.ആർ രൂപേഷ് കുമാറാണ്. അന്വേഷണത്തിൽ സഹായിക്കുന്നതിന് സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഷിനോജ് എബ്രഹാം ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയർ സിവിൽ പോലീസ് ഓഫീസറായ ഭാഗ്യവതിയും ഉണ്ടായിരുന്നു.