പൂമുറ്റം വനത്തിൽ കാട്ടുതീ; ആറേക്കർ കത്തിനശിച്ചു
Mail This Article
ബത്തേരി ∙ വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റേഞ്ചിലെ തോട്ടാമൂല സെക്‌ഷനിൽ പെട്ട പൂമുറ്റം വനത്തിൽ കാട്ടുതീ. ആറേക്കറോളം വനം കത്തിനശിച്ചതായാണു പ്രാഥമിക വിവരം. ഇന്നലെ ഉച്ചയോടെയായിരുന്നു തീപിടിത്തം. ബത്തേരിയിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും 15 അംഗ വനപാലക സംഘവും ചേർന്നു വൈകിട്ട് മൂന്നേകാലോടെയാണു തീ കെടുത്തിയത്. ചീരാൽ കുടുക്കിയിയിൽ റോഡരുകിലെ കാട്ടുതീ അഗ്നിരക്ഷാ സേന കെടുത്തി.
സ്വകാര്യ കൃഷിയിടങ്ങളിലേക്ക് തീ പടരാൻ തുടങ്ങിയതും അഗ്നിരക്ഷാ സേനയ്ക്ക് അണയ്ക്കാനായി. എന്നാൽ വനത്തിനുള്ളിലേക്കു വാഹനം പോകാത്തതിനാൽ കൗണ്ടർ ഫയർ നടത്തിയും പച്ചിലകൾ കൊണ്ട് അടിച്ചുമാണു പിന്നീട് തീ കെടുത്തിയത്. റോഡരികിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് കാടു കത്തി. അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി. നിധീഷ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഐപ്. ടി. പൗലോസ്, ഫോറസ്റ്റർ വി,ദാസൻ എന്നിവർ നേതൃത്വം നൽകി.