പടക്ക വിപണിയിൽ തിരക്കേറി
Mail This Article
കൽപറ്റ ∙ ചെറിയ പെരുന്നാളും വിഷുവും ചേർന്നു വന്ന ഇത്തവണ പടക്ക വിപണികൾ നേരത്തെ സജീവമായിരുന്നു. വിഷുവിനു ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടൗണുകളിൽ പൊതുവേ കുറവുള്ള പടക്ക കടകളിൽ തിരക്കേറി. ഗുണ്ട് മുതൽ 60 രൂപയിൽ തുടങ്ങി 400 രൂപ വരെ പുതുമയാർന്ന 20 തരം പടക്കങ്ങൾ ഇത്തവണ വിപണിയിൽ ഉണ്ട്. ഡ്രോൺ പടക്കങ്ങളും പ്രത്യേകത ആണ്. ഇത്തവണ എല്ലാ തരങ്ങൾക്കും മുൻ വർഷത്തെക്കാൾ 10% വിലക്കുറവുണ്ട്. ഹെലികോപ്റ്റർ, കളർ മാറുന്ന ബട്ടർഫ്ലൈ, പൂക്കുറ്റി, കമ്പിത്തിരി, നിലച്ചക്രം തുടങ്ങി വർണാഭമാക്കുന്ന ആകാശ വിസ്മയങ്ങൾ വരെ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്.
50 മുതൽ 400 രൂപ വരെ ഉള്ള പൂക്കുറ്റികളുടെ പായ്ക്കറ്റുകളും 120 രൂപ മുതൽ 7000 രൂപ വരെയുള്ള ആകാശ വിസ്മയങ്ങളുമുണ്ട്. പ്രകാശം പരത്തി മുകളിലേക്കു പോകുന്ന ഹെലികോപ്റ്റർ തരങ്ങൾക്ക് 40 മുതൽ 300 രൂപ വരെ ആണ്. പകൽ ചൂടു കാരണം വൈകുന്നേരങ്ങളിൽ ആയിരുന്നു ഇതുവരെ കച്ചവടമെന്നും വിഷു അടുത്തതോടെ വരും ദിവസങ്ങളിൽ പകലും കച്ചവടം വർധിക്കുമെന്നാണു പ്രതീക്ഷ എന്നും വ്യാപാരികൾ പറയുന്നു.
അളവിൽ കൂടുതൽ പടക്കം പിടികൂടി
പനമരം ∙ പഞ്ചായത്തിലെ പുഞ്ചവയൽ പടക്ക വിൽപനശാലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അളവിൽ കൂടുതലായി സൂക്ഷിച്ച പടക്കങ്ങൾ കണ്ടെടുത്തു. വിഷുവിനോടനുബന്ധിച്ച് സ്റ്റേഷനു കീഴിലെ പടക്ക വിൽപന കേന്ദ്രങ്ങളിൽ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് അളവിൽ കൂടുതലായി സൂക്ഷിച്ച 18.5 കിലോ പടക്കങ്ങൾ കണ്ടെടുത്തത്. പടക്കക്കട ഉടമ കേണിച്ചിറ കല്ലുവെട്ടി സ്വദേശി പി.സി.പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തു.