കാട്ടുതീ പടർന്നു: വയനാട് വന്യജീവി സങ്കേതത്തിൽ 10 ഏക്കർ വനം കത്തി നശിച്ചു
Mail This Article
ബത്തേരി ∙ വയനാട് വന്യജീവി സങ്കേതത്തിൽ വൻ അഗ്നിബാധ. ബത്തേരി റേഞ്ചിൽ മൂന്നു കിലോമീറ്ററോളം ദൂരത്തിലാണു തീ പടർന്നത്. ചിലയിടത്ത് സ്വകാര്യ ഭൂമിയിലേക്കും തീ പടർന്നു കയറി. വനപാലകരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു 5 മണിക്കൂറോളം വിശ്രമമില്ലാതെ പ്രയത്നിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. ബത്തേരി റേഞ്ചിലെ വിഷ്ണുഗിരി ക്ഷേത്ര പരിസരത്തു നിന്നാണു കാട്ടുതീ പടർന്നു തുടങ്ങിയത്. തുടർന്ന് കൊട്ടനോട്, ആടുകാലി, കുമ്പ്രംകൊല്ലി ഏഴേക്കർ കുന്ന് എന്നിവിടങ്ങളിലേക്കും തീ എത്തി. ഉണങ്ങി നിന്ന മുളങ്കാടുകളിൽ തീ പടർന്നതോടെ കറുത്ത പുക ആകാശം മുട്ടെ ഉയർന്നു.
കൊട്ടനോടും ആടുകൊല്ലിയിലും ഏഴേക്കർ കുന്നിലുമുള്ള ജനവാസ കേന്ദ്രങ്ങൾക്കടുത്തേക്കും പലപ്പോഴും തീ എത്തി. പത്മാക്ഷൻ എന്നയാളുടെ അര ഏക്കറോളം റബർ തോട്ടം കത്തി നശിച്ചു. പട്ടമന ഷിജു പന്നി ഫാമിന്റെ മേൽക്കൂരയ്ക്കും തീ പിടിച്ചു. ഒരു പന്നിക്കു പൊള്ളലേറ്റു. വൻതോതിൽ തീ പടർന്നതോടെ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് അഗ്നി രക്ഷാസേനയെത്തി. വനത്തിനുള്ളിലേക്ക് രക്ഷാ വാഹനങ്ങൾക്ക് കയറാൻ പറ്റിയില്ലെങ്കിലും ഇടറോഡുകളിൽ നിന്നു പരമാവധി തീ അണച്ചു. അതിനിടെ നാരകക്കൊല്ലിയിൽ വനാതിർത്തിയിലെ റോഡിലേക്ക് മുളങ്കാട് കത്തി വീണു. സമീപത്തെ വയലിലേക്കും തീ പടർന്നെങ്കിലും പരന്നു കത്തിയില്ല.
ഏഴേക്കർ കുന്നിൽ ബെന്നിയുടെ വീടിനു തൊട്ടു പിറകിൽ വരെ തീ ആളിയെത്തി. തീ പടർന്ന കാടിനോടു ചേർന്ന ചില വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചിലയിടങ്ങളിൽ തെങ്ങിനും തീ പിടിച്ചു.പത്തേക്കറോളം വനത്തിലാണ് അഗ്നി പടർന്നതെന്ന് ബത്തേരി റേഞ്ച് ഓഫിസർ എസ്. രഞ്ജിത്കുമാർ പറഞ്ഞു. വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കുകയും രാത്രിയിൽ മുഴുവൻ സമയ പട്രോളിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ഫയർ ഓഫിസർ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഐപ്.ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയെത്തിയത്. 100 ഹെക്ടറോളം വനം കത്തിയെന്നാണ് അഗ്നിരക്ഷാ സേന അറിയിച്ചത്. ബത്തേരി, മുത്തങ്ങ റേഞ്ച് വനപാലകർക്കൊപ്പം ആർആർടി സംഘവും, വെറ്ററിനറി സംഘവും നാട്ടുകാരും തീ അണയ്ക്കാനെത്തി.