രാഹുൽ ഗാന്ധി 15ന് വയനാട് മണ്ഡലത്തിൽ
Mail This Article
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 15ന് മണ്ഡലത്തിൽ എത്തും. രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണു മണ്ഡലത്തിലെത്തുക. നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യുഡിഎഫ് സംസ്ഥാന നേതാക്കൾ സ്വീകരിക്കും.
രാവിലെ 10ന് ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെ പര്യടനം തുടങ്ങും. തുടർന്നു 11നു പുൽപള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് 12നു മാനന്തവാടിയിലും ഉച്ച കഴിഞ്ഞ് 2.15ന് വെള്ളമുണ്ടയിലും വൈകിട്ടു 3ന് പടിഞ്ഞാറത്തറയിലും റോഡ് ഷോ നടത്തും. ഓരോ കേന്ദ്രങ്ങളിലും രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നു പൊതുജനങ്ങളുമായി സംവദിക്കും.
കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ 20നും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 22നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 18നും തെലങ്കാന തദ്ദേശഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക), കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ 17നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി 18നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല 19നും മണ്ഡലത്തിൽ പ്രചാരണം നടത്തും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.