നീലഗിരിയിലെ അണക്കെട്ടുകൾ വറ്റി
Mail This Article
ഗൂഡല്ലൂർ∙ കൊടും ചൂടിൽ നീലഗിരിയിലെ അണക്കെട്ടുകളെല്ലാം വറ്റി വരണ്ട നിലയിലായി. ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിനു വലിയ പ്രതിസന്ധി നേരിടുമെന്നാണ് നിഗമനം. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ് ഗെദ്ദ, കുന്ത, പില്ലൂർ തുടങ്ങി 13 അണക്കെട്ടുകളാണ് ഉള്ളത്. ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ച് 833.65 മെഗാ വാട്ട് വൈദ്യുതിയാണ് ദിവസേന ഉൽപാദിപ്പിക്കുന്നത്.
ഈ വർഷത്തെ അതിരൂക്ഷമായ വേനലിൽ പകുതിയിൽ ഏറെ അണക്കെട്ടകളും വറ്റി. കുന്ത, ഗെദ്ദ, പറളി, പില്ലൂർ, അവലാഞ്ചി കാട്ടുകുപ്പ തുടങ്ങിയ ജല വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. 150 മുതൽ 200 മെഗാവാട്ട് വൈദ്യുതിയാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തുലാവർഷവും ദുർബലമായതിനാൽ അണക്കെട്ടുകൾ നേരത്തെ വറ്റി. വേനൽമഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി വിതരണത്തിൽ വൻ പ്രതിസന്ധി നേരിടുമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.