വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണം: ഡിസിസി
Mail This Article
കൽപറ്റ ∙ വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജലാശയങ്ങളെല്ലാം വരണ്ട മനുഷ്യനും വളർത്തുമൃഗങ്ങൾക്കും കുടിവെള്ളത്തിനു നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. വരൾച്ചയിൽ വയനാട്ടിലെ കൃഷിമേഖല പൂർണമായും നശിച്ചു. വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണം. വീടുകളിൽ ശുദ്ധജലവിതരണം നടത്തണം. മതിയായ നഷ്ടപരിഹാരം നൽകി പാവപ്പെട്ട കർഷകരെ സഹായിക്കണം. വന്യജീവി ശല്യം പ്രതിരോധിക്കണം. വരൾച്ച പഠിക്കുന്നതിനായി ഉദ്യോഗസ്ഥർ എത്തിയിട്ടു കാര്യമില്ല.
നിയമം നടപ്പാക്കേണ്ട മന്ത്രിമാർ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിക്കണം. 2004ലെ വരൾച്ച കാലത്ത് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി നേരിട്ട് വന്ന് വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കുകയും 3 മാസത്തെ റേഷൻ എല്ലാവർക്കും വിതരണം ചെയ്യുന്നതിനും വാഹനങ്ങളിൽ ശുദ്ധജലമെത്തിക്കാനും കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നടപടിയെടുത്തിരുന്നു. ഇത് എൽഡിഎഫ് സർക്കാർ മാതൃകയാക്കണം.
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായി. എഐസിസി നിരീക്ഷകൻ പി.ടി. മാത്യു, രാഷ്ട്രീയകാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, സി.പി. വർഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, മംഗലശ്ശേരി മാധവൻ, എൻ.എം. വിജയൻ, പി.ഡി. സജി, ബിനു തോമസ്, എം.ജി. ബിജു, കമ്മന മോഹനൻ, ജി. വിജയമ്മ, ചിന്നമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.