ADVERTISEMENT

പനമരം∙ ശരീരം പാതി തളർന്നിട്ടും എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസ് നേടി പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഷ്റിൻ ലിയാന. പനമരം പരക്കുനി കോന്തിയോടൻ വീട്ടിൽ അസീസ്, സക്കീന ദമ്പതികളുടെ മകൾ അഷ്റിൻ ലിയാനയുടെ വിജയം മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെയും കൂടി നേട്ടമാണ്. 2018ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബാധിച്ച രോഗമാണ് അഷ്റിനെ തളർത്തിയത്. തലവേദനയോടെ തുടങ്ങിയ രോഗം ദിവസങ്ങൾക്കുള്ളിൽ അഷ്റിന്റെ അരയ്ക്കു താഴോട്ടുള്ള ചലനശേഷി ഇല്ലാതാക്കി. പരിശോധനയിൽ നട്ടെല്ലിൽ നീർക്കെട്ട് ബാധിക്കുന്ന രോഗമാണെന്ന് കണ്ടെത്തിയപ്പോഴേക്കും ഇരുകാലുകളുടെയും ചലനശേഷി  നഷ്ടപ്പെട്ടു. പഠനം പാതിവഴിയിൽ നിലച്ചെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തെ തളർത്താനായില്ല. 

3 വർഷത്തിന് ശേഷം 8-ാം ക്ലാസ് മുതൽ വീണ്ടും പഠനം ആരംഭിക്കാൻ മാതാപിതാക്കളുടെയും അധ്യാപകരുടെ സുഹൃത്തുക്കളുടെയും സഹായത്തോടെ സ്കൂളിലെത്തിയെങ്കിലും ഉച്ചവരെ മാത്രമേ ക്ലാസിലിരിക്കാൻ പറ്റിയുള്ളൂ. എല്ലാവിധ പിന്തുണയുമായി സ്കൂൾ മുഴുവൻ ഒപ്പമുണ്ടെന്നറിഞ്ഞതോടെ കൂടുതൽ ആത്മവിശ്വാസം കൈവന്ന അഷ്റിൻ വിജയത്തിനായി പരിശ്രമിച്ചു. അസീസ് മകളെ ഓട്ടോറിക്ഷയിൽ സ്കൂളിൽ എത്തിച്ച് വാരിയെടുത്ത് ഊന്നുവടിയുടെ സഹായത്തോടെ ക്ലാസ് മുറിയിലിരുത്തി മടങ്ങും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകാനും അസീസ് എത്തും. ഇടക്കാലത്തു പലവിധ രോഗങ്ങൾ പിടിപെട്ട് കിടപ്പിലാകുമ്പോഴും അധ്യാപകരും നല്ലപാഠം പ്രവർത്തകരും സഹായത്തിനായി വീട്ടിലെത്തിയിരുന്നെന്നും സ്കൂളിലെ നല്ലപാഠം പ്രവർത്തകരെ മറക്കാൻ കഴിയില്ലെന്നും അഷ്റിൻ പറഞ്ഞു. ഡോക്ടർ ആകാനുള്ള ലക്ഷ്യത്തോടെ ഉപരിപഠനത്തിന് തയാറെടുക്കുകയാണ് ഈ കൊച്ചു മിടുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com