നാണ്യവിളകളും പച്ചക്കറികളും കരിഞ്ഞുണങ്ങുന്നു
Mail This Article
മുള്ളൻകൊല്ലി ∙ വരൾച്ചമൂലം നാണ്യവിളകളും വാഴയടക്കമുള്ള പച്ചക്കറികളും വൻതോതിൽ കരിഞ്ഞുണങ്ങി. കുരുമുളക്, കാപ്പി എന്നിവയ്ക്ക് പുറമെ ചെറുകിട കർഷകർക്ക് താങ്ങായിരുന്ന കമുകു കൃഷിയും വൻനഷ്ടമെന്ന് പരാതി. അടുത്ത സീസണിലേക്കുള്ള കമുകു കുലകളെല്ലാം കരിഞ്ഞു. കനത്ത ചൂടിൽ അടയ്ക്കകൾ കൊഴിഞ്ഞുവീണു. തോട്ടങ്ങളിലെ കമുകിൽ കായ്പിടിച്ചിട്ടില്ല. ഉണ്ടായിരുന്നവ കൊഴിഞ്ഞുപോയി. സമയത്ത് തളിർത്തു പൂവിടാത്തത് കാപ്പി ഉൽപാദനത്തെയും പ്രതികൂലമായി ബാധിച്ചു. തെങ്ങിലെ മച്ചിങ്ങയെല്ലാം ചൂടേറ്റു കൊഴിഞ്ഞു.
കുരുമുളകു കൃഷിക്കാണ് ഏറെ നാശം. മുള്ളൻകൊല്ലിയിൽ 250 ഹെക്ടറിൽ കുരുമുളകും 150 ഹെക്ടറിൽ വാഴയടക്കമുള്ള ഇതരവിളകളും നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ശശിമല, ചണ്ണോത്തുകൊല്ലി, പാറക്കടവ്, കുന്നത്തുകവല,കൊളവള്ളി, കബനിഗിരി, ചാമപ്പാറ ഭാഗത്താണ് കാര്യമായ കൃഷിനാശം. മന്ത്രി, എംപി, എംഎൽഎമാർ, സർവകക്ഷി നേതാക്കൾ എന്നിവരെല്ലാം സ്ഥലം സന്ദർശിച്ച് മടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്നു നാട്ടുകാർ പറയുന്നു.
മേഖല ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ കൃഷിവകുപ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, ജില്ലാ ഭരണകൂടമാണ് ആധികാരികമായി ഇക്കാര്യം സർക്കാർ സംവിധാനങ്ങളിലെത്തിക്കേണ്ടത്. ഉണങ്ങി നശിച്ച കൃഷിക്കുള്ള നഷ്ടപരിഹാരത്തിനു പുറമേ ഉൽപാദനനഷ്ടം കൂടി നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മഴയിലും കാറ്റിലും കൃഷി നശിച്ചവരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ സ്വീകരിക്കുമ്പോൾ വരൾച്ചയിലെ നാശത്തോട് മുഖംതിരിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
നാശനഷ്ടം വിലയിരുത്തി സഹായം നൽകണം
പുൽപള്ളി ∙ വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകരുടെ തോട്ടങ്ങൾ പരിശോധിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും ആശ്വാസ നടപടികൾ വേഗത്തിൽ വേണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ച് അടിയന്തിര സഹായം നൽകണം. ഉന്നത കൃഷിവകുപ്പ് സംഘം സ്ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ, പി.ഡി.ജോണി, റെജി പുളിംകുന്നേൽ, സി.പി.കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വരൾച്ചാനാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.