ADVERTISEMENT

അമ്പലവയൽ ∙ കാരാപ്പുഴ പദ്ധതിയുടെ ബഫർസോണിന്റെ പേരിൽ സാധാരണക്കാർക്കു വീടു നിർമിക്കാൻ അനുമതി നിഷേധിക്കുമ്പോൾ റിസോർട്ടുകളടക്കമുള്ളവയ്ക്കു നിയന്ത്രണങ്ങളൊന്നുമില്ല. വീടു നിർമാണത്തിനു തറയൊരുക്കിയിട്ടും തുടർപ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ ഷെഡിൽ കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുണ്ട്. അതേസമയം, ബഫർസോണിൽ മറ്റു നിർമാണപ്രവൃത്തികൾക്ക് അനുമതി നൽകുകയും ചെയ്യുന്നു. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

ബഫർ സോണിൽ വീട് നിർമിക്കാൻ അപേക്ഷ സമർപ്പിച്ചവരും വീടിനായി തറ നിർമിച്ചവരുമെല്ലാം ഇപ്പോഴും അനുമതിക്കായി ഒ‍ാഫിസുകൾ കയറി ഇറങ്ങുകയാണ്. ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചവർ പോലും സ്വന്തം സ്ഥലത്ത് വീട് നിർമിക്കാനാകാതെ ഷെഡിലാണു താമസം. അതേസമയം, ബഫർസോണിലെ അനധികൃത മണ്ണിടിക്കലും കയ്യേറ്റവും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആരോപണമുയരുന്നു. കാരാപ്പുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒ‍ാഫിസ് നിന്ന് മീറ്ററുകൾക്ക് അകലെ മാസങ്ങളായി ബഫർസോൺ പരിധിയിൽ റിസോർട്ട് നിർമാണം തകൃതിയായി നടന്നിട്ടും ഉദ്യോഗസ്ഥർ മൗനത്തിലാണ്.

മുൻപുണ്ടായിരുന്ന പഴയ കെട്ടിടം പെ‍ാളിച്ചു നീക്കി റിസോർട്ട് മാതൃകയിൽ പുതിയ കെട്ടിടം പണിതു. ബാക്കിയുള്ള ഭാഗങ്ങളിലും ഇപ്പോൾ നിർമാണ പ്രവൃത്തികൾ തകൃതിയായി നടക്കുകയാണ്. മറ്റുള്ളിടത്ത് ദൂരപരിധി ഉണ്ടെങ്കിലും പോലും ബഫർസോണിന്റെ പേരിൽ അനുമതി നിഷേധിക്കുന്ന അധികൃതർ സ്വന്തം ഒ‍ാഫിസിന് സമീപത്തെ ഇൗ നിർമാണം കണ്ടില്ലെന്നു നടിക്കുകയാണ്. കാരാപ്പുഴ–കാക്കവയൽ റോഡിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയാണു നിർമാണം നടത്തുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

വീടു നിർമിക്കാനാകാതെ ജനങ്ങൾ
അമ്പലവയൽ ∙ കാരാപ്പുഴയിലെ ബഫർസോൺ നിയന്ത്രണം മൂലം വീട് നിർമിക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ് 70 വയസ്സുകാരിയായ നെല്ലാറച്ചാൽ ഞാവലത്ത് കല്യാണിയുടെ കുടുംബം. 20 കെ‍ാല്ലത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ഇവരുടെ താമസം. കാലപ്പഴക്കമുള്ള വീട് മാറ്റി പുതിയത് നിർമിക്കണമെന്ന ഇവരുടെ ആഗ്രഹം നടക്കുന്നില്ലെന്നു മാത്രമല്ല അറ്റകുറ്റപ്പണികൾ പോലും നടത്താനാകുന്നില്ല. മരം വീണു മേൽക്കൂരയിൽ കേടുപാടുകൾ വന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടിയിരിക്കുകയാണ്. മഴ പെയ്താൽ വെള്ളം മുഴുവൻ വീടിനകത്തു വീഴുമെന്ന അവസ്ഥയിലാണു കല്യാണിയും 4 മക്കളുമടങ്ങുന്ന കുടുംബം.

2022ൽ അമ്പലവയൽ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കല്യാണിക്ക് വീട് അനുവദിച്ചെങ്കിലും നിർമാണത്തിന് അനുമതി ലഭിക്കാത്തതിനാൽ അതും മുടങ്ങി. സ്ഥലം വിൽപന നടത്തി മറ്റിടങ്ങളിലേക്കു മാറാനും കഴിയാത്ത സാഹചര്യത്തിലാണ്. 22 സെന്റ് സ്ഥലം സ്വന്തമായുള്ള നെല്ലാറാച്ചാൽ ഞാവലത്തു സത്യനാഥന്റെ കുടുംബത്തിന്റെ സ്ഥിതിയും ഇതാണ്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം ഷീറ്റുകൾ കെ‍ാണ്ടു മറച്ചു വീട്ടിൽ ഷീറ്റ് മേൽക്കൂരയ്ക്കു കീഴിലാണു താമസം. മുൻപ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരമെ‍ാന്നുമില്ലെന്നാണു കുടുംബം പറയുന്നത്. വീട് ലഭിച്ചാലും നിർമിക്കാൻ അനുമതിയില്ലാത്തതിനാൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com