വരമ്പത്ത് കൂലി! മാലിന്യം തള്ളിയ ഹോട്ടലുകാരെക്കൊണ്ട് ഒരു കിലോമീറ്റർ പരിധിയിലെ മാലിന്യം എടുപ്പിച്ചു
Mail This Article
ബത്തേരി ∙ വഴിയരികില്‍ മാലിന്യം തള്ളിയ ഹോട്ടലുകാരെ കണ്ടെത്തി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വഴിയോരം വൃത്തിയാക്കിച്ചു നാട്ടുകാര്‍. ഇന്നലെ രാവിലെ പൂതിക്കാട് റോഡരികിലാണു മാലിന്യം നിറച്ച 5 ചാക്കുകള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മാലിന്യക്കൂമ്പാരത്തിൽപെട്ടു പോയ ബില്ലുകളിൽ നിന്ന് കൊളഗപ്പാറ വയനാട് ഹില്‍സ്യൂട്ട് ഹോട്ടലിന്റെ പേരു കണ്ടെത്തി.
വിവരമറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ സ്ഥലത്തെത്തി. ചാക്കുകെട്ടുകൾ മുഴുവൻ തിരികെ എടുക്കണമെന്ന് മാത്രമല്ല പൂതിക്കാട് മുതൽ ബീനാച്ചിയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരത്തിലെ പ്ലാസ്റ്റിക്കും മാലിന്യവുമെല്ലാം പെറുക്കി വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ക്ഷമാപണം നടത്തിയ ഹോട്ടല്‍ അധികൃതര്‍ മാലിന്യം പെറുക്കാൻ സന്നദ്ധരായി. കാറിൽ രണ്ടു തവണയായി മാലിന്യം നീക്കി. സ്ഥാപനത്തിനെതിരെ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു പറഞ്ഞു.
പോസ്റ്ററുകൾ നീക്കി നഗരസഭ
ബത്തേരി ∙ ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന മതിലിലാണ് വിസ്മയ മാക്സ് എന്ന സ്ഥാപനം നിറയെ പോസ്റ്ററുകളൊട്ടിച്ചത്.
സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നാട്ടുകാരെത്തിയതോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി മുഴുവൻ പറിച്ചു നീക്കി. സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.