ADVERTISEMENT

അമ്പലവയൽ ∙ കാരാപ്പുഴ ബഫർ സോണിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണത്തിനുമെതിരെ നടപടിയുമായി ജലസേചന വകുപ്പ്. പദ്ധതി പ്രദേശത്തുനിന്നു നിശ്ചിത ദൂരപരിധി പാലിക്കാതെയുള്ള നിർമാണങ്ങൾക്കും നിർമാണത്തിനായി കുന്നിടിച്ച് നികത്തുന്നതിനുമെതിരെ സ്റ്റോപ് മെ‍മ്മോ നൽകി. കാരാപ്പുഴ പദ്ധതി പ്രദേശത്തിന്റെ ഭാഗമായുള്ള നെല്ലാറച്ചാലിൽ കളത്തുവയൽ, വാഴവറ്റ, കാരാപ്പുഴ  എന്നിവിടങ്ങളിലായി ബഫർസോൺ പരിധിയിൽ വ്യാപകമായി അനധികൃത നിർമാണങ്ങൾ നടക്കുന്നതിനെക്കുറിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതെത്തുടർന്നാണ് ജലസേചന വകുപ്പ് നടപടികൾ ആരംഭിച്ചത്. കാരാപ്പുഴ പദ്ധതി പ്രദേശം കയറി നിർമാണം നടത്തിയവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി. 

ഇതുവരെ 7 അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള ഒരുക്കത്തിലാണ് ജലസേചന വകുപ്പ്.   കാരാപ്പുഴ ഡാമിനു മുൻവശത്തെ കുന്നിടിച്ചുള്ള പ്രവൃത്തിക്കും സ്റ്റോപ് മെ‍മ്മോ നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്തിന്റെ സ്ഥലമാണ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തിയത്. പദ്ധതി പ്രദേശത്ത് രണ്ടിടങ്ങളിൽ ഇത്തരത്തിൽ അനധികൃതമായി സ്ഥലം കയ്യേറി മണ്ണിടിച്ചതിനെതിരെ കേസും നിലനിൽക്കുന്നുണ്ട്.  കാരാപ്പുഴ പദ്ധതി പ്രദേശം കയ്യേറി സ്വിമ്മിങ് പൂൾ നിർമിച്ചത് അധികൃതർ  കഴിഞ്ഞ ദിവസം  പെ‍ാളിച്ചു നീക്കിയിരുന്നു. 

അതേസമയം, കാരാപ്പുഴയുടെ ബഫർ സോൺ പ്രദേശത്ത് അനുമതിയില്ലാത്ത നടത്തുന്ന നിർമാണ പ്രവൃത്തികളിൽ നടപടികളെ‍ടുക്കേണ്ടത് അതതു പഞ്ചായത്തുകളാണെന്നു ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്തു നടന്ന കയ്യേറ്റങ്ങൾക്കെതിരെയാണ് ജലസേചനവകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. ബഫർസോൺ പരിധിയിൽ പ്രവൃത്തികൾ നടത്താൻ കാരാപ്പുഴ ഇറിഗേഷൻ ഓഫിസിൽനിന്ന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചാൽ മാത്രമേ പഞ്ചായത്തുകൾക്കു നിർമാണ അനുമതി നൽകാനാകൂ. എന്നാൽ എൻഒസിയോ പഞ്ചായത്തിന്റെ അനുമതിയോ ഇല്ലാതെയാണ് നിലവിലെ നിർമാണങ്ങൾ. ഇതിനു സ്റ്റോപ് മെ‍മ്മോ നൽകി നിർമാണ പ്രവൃത്തികൾ നിർത്തേണ്ടതും തുടർ നടപടികൾ സ്വീകരിക്കേണ്ടതും പഞ്ചായത്താണ്.

ബഫർസോണിലെ  അനധികൃത നിർമാണത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ അതതു പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലസേചന വകുപ്പ് അറിയിച്ചു. അമ്പലവയൽ, മേപ്പാടി, മീനങ്ങാടി, മൂപ്പൈനാട്  പഞ്ചായത്തുകളിലായാണു കാരാപ്പുഴ പദ്ധതി പ്രദേശം. എല്ലാ പഞ്ചായത്തു പ്രദേശങ്ങളിലും അനധികൃത നിർമാണം വ്യാപകമാണ്. ഏറ്റവും കൂടുതൽ നിർമാണം നടക്കുന്നത് അമ്പലവയൽ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിലാണ്. ഇവിടെ വീടുകൾക്കു പോലും അനുമതി ലഭിക്കാതെ വലയുമ്പോഴാണ് അനധികൃത നിർമാണം തകൃതിയായി നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com