തൊഴിലുറപ്പിലെ ഹാജരെടുപ്പ് പൊല്ലാപ്പെന്ന് തൊഴിലാളികൾ
Mail This Article
പുൽപള്ളി ∙ തൊഴിലുറപ്പ് പദ്ധതിയിലെ ഹാജരെടുക്കൽ തൊഴിലാളികളെ വലയ്ക്കുന്നു. മസ്റ്റർ റോൾ പ്രകാരമുള്ള തൊഴിൽ ആരംഭിക്കുന്ന അതേസ്ഥലത്ത് എല്ലാ ദിവസവും 2 നേരവും തൊഴിലാളികളെത്തി ഫോട്ടോയെടുക്കണം. ജിയോടാഗ് ചെയ്തതിനാൽ ഒരേ സ്ഥലത്ത് നിന്നുതന്നെ ഫോട്ടോയെടുത്ത് അയയ്ക്കണം. കുളംനിർമാണം പോലെ ഒരേസ്ഥലത്ത് നടത്തുന്ന ജോലികൾക്ക് ഈ വിധത്തിൽ ഹാജർ രേഖപ്പെടുത്താമെങ്കിലും കിലോമീറ്ററുകൾ നീളുന്ന തോട് ശുചീകരണം പോലുള്ള ജോലികൾക്ക് എല്ലാദിവസവും രാവിലെയും ഉച്ചയ്ക്കും ആദ്യസൈറ്റിലെത്തി ഫോട്ടോയെടുക്കണമെന്ന നിബന്ധന പ്രയാസമാകുന്നെന്നാണ് പരാതി.
രോഗികളും മുതിർന്ന പൗരൻമാരുമടക്കമുള്ള തൊഴിലാളികൾ ജോലിക്കിറങ്ങും മുൻപ് സൈറ്റിലെത്തി ഫോട്ടോയെടുക്കണം. അതിനുശേഷം ജോലിസ്ഥലത്തേക്ക് നടക്കണം. ഉച്ചകഴിഞ്ഞും ഇതാവർത്തിക്കണം. രണ്ടും മൂന്നും കിലോമീറ്റർ നടക്കാൻ സാധിക്കാത്തവർ ഓട്ടോവിളിച്ചാണ് യാത്ര. തൊഴിലുറപ്പിൽ ലഭിക്കുന്ന കൂലിയുടെ നല്ലൊരുഭാഗം യാത്രക്കൂലിക്ക് വേണ്ടിവരുന്നു. താമസ സ്ഥലത്ത് നിന്നേറെയകലെയാവും തൊഴിൽ സ്ഥലം. അവിടെ നിന്നാണ് ഹാജരെടുപ്പിന് വീണ്ടും ഏറെദൂരം നടക്കേണ്ടി വരുന്നത്. കൊടും വേനലിലും ഇളവൊന്നുമില്ല.