കാട്ടാനക്കലിയിലും കുട്ടിയാനയ്ക്കു രക്ഷകരായി വനം വകുപ്പ്
Mail This Article
ഗൂഡല്ലൂർ ∙ കിണറ്റിൽ വീണ കുട്ടിയാനയ്ക്കരികിലെത്തിയ അമ്മയാന വനപാലകരെ ഓടിച്ചും സമീപത്തെ 2 വീടുകൾ തകർത്തും അക്രമകാരിയായി. വനം വകുപ്പ് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയാനയെ കിണറ്റിൽനിന്നു കയറ്റി അമ്മയാനയ്ക്കൊപ്പം എത്തിച്ചു. പന്തല്ലൂരിനടുത്ത് കൊളപ്പള്ളി കുറിഞ്ചി നഗറിലെ തേയില തോട്ടത്തിൽ ഇന്നലെ പുലർച്ചെയെത്തിയ 5 അംഗ സംഘത്തിലെ കുട്ടിയാനയാണ് തേയില തോട്ടത്തിലെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കുട്ടിയാനയുടെ അമ്മയുൾപ്പെടെയുള്ള മറ്റ് ആനകളെല്ലാം ഉച്ചത്തിൽ ചിന്നം വിളിച്ചുകൊണ്ടു സമീപത്തുതന്നെ മാറാതെ നിൽക്കുകയും ചെയ്തു.
സമീപവാസിയായ ഷൺമുഖൻ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തി. എന്നാൽ, കൂട്ടത്തിൽനിന്നു തിരികെ ഓടിയെത്തിയ അമ്മയാന വനപാലകരെ ഓടിച്ച ശേഷം കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമമാരംഭിച്ചു. ഫലം കാണാതെ വന്നതോടെ സമീത്തുണ്ടായിരുന്ന ഷൺമുഖനാഥൻ, വേളവേന്ദൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർത്തു. തൊട്ടടുത്ത് വീടിന്റെ ടെറസിൽ കയറിയ വനപാലകരെയും ഓടിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് കിണറിനു സമീപത്ത് നിർത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ കൈയിൽ ഇടിച്ചതിൽ നേരിയ പരുക്കേറ്റതിനെ തുടർന്ന് അമ്മയാന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സമീപത്തുണ്ടായിരുന്ന ആനക്കൂട്ടത്തിന്റെ സമീപത്തെത്തി. അമ്മയാനയെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച ശേഷം വനപാലക സംഘം രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചു.
2 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമീപത്തെ മണ്ണ് എടുത്തു മാറ്റി ചാല് വെട്ടി കയറിട്ട് ആനക്കുട്ടിയെ വലിച്ചു കരയ്ക്കു കയറ്റി. കരയ്ക്കു കയറിയ ആനക്കുട്ടിയുടെ കാലിൽ കയർ ഉടക്കിയതോടെ അൽപനേരം നടക്കാൻ കഴിയാതെ നിന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ജീവനക്കാർ സഹാസികമായാണ് കയർമാറ്റി ആനക്കുട്ടിയെ സ്വതന്ത്രമാക്കിയത്. കുറച്ചു നേരം സമീപത്ത് നിന്ന് ബഹളം വച്ച ശേഷം റോഡിലേക്ക് കയറിയ കുട്ടിയാന വനം വകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും തുരത്തി. ശേഷം അമ്മയാനയുടെ സമീപത്തേക്ക് പോയി. ഈ സമയം മുഴുവനും അമ്മയാന കാത്തു നിൽപ്പുണ്ടായിരുന്നു. കുട്ടിയെ കിട്ടിയതോടെ ആനക്കൂട്ടത്തിന്റെ നടുക്ക് ചേർത്ത് പിടിച്ച് വനത്തിലേക്ക് മടങ്ങി. പുലർച്ചെ 4 നു തുടങ്ങിയ രക്ഷാദൗത്യം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം കണ്ടത്. 4 വയസ്സുള്ള പിടിയാനക്കുഞ്ഞാണ് കിണറ്റിൽ വീണത്. കിണറ്റിൽ വെള്ളം കുറവായതിനാൽ അപകടം ഉണ്ടായില്ല. ആനക്കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വനം വകുപ്പ് അറിയിച്ചു.