ADVERTISEMENT

കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയിൽ ഒരുക്കിയതു വിപുലമായ ക്രമീകരണങ്ങൾ. 3 കേന്ദ്രങ്ങളിലായാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുക. കൽപറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ മുട്ടിൽ ഡബ്ല്യുഎംഒ കോളജിലാണ് എണ്ണുക. നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂളിലും നടക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം ഘട്ട പരിശീലനം നാളെ സിവിൽ സ്റ്റേഷനിലെ ഡോ.എ.പി.ജെ. ഹാളിൽ നടക്കും.

രാവിലെ 8നു തുടങ്ങും
4ന് രാവിലെ 8നു വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ 3 ഹാളുകളിലായി 24 ടേബിളുകൾ സജ്ജമാക്കും. ഏകദേശം 11000 തപാൽ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ നടക്കുന്ന പ്രീ-കൗണ്ടിങ്ങിന് 10 ടേബിളുകളാണ് സജ്ജമാക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ തപാൽ വോട്ടുകളും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലാണ് എണ്ണുക. 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ 14 വീതം ടേബിളുകളാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകൾ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ടെണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക. 

സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. ഒന്നു മുതൽ 14 വരെ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 3 കൗണ്ടിങ് ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാൻ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ മീഡിയ സെന്റർ സജ്ജീകരിക്കും. പോസ്റ്റൽ, ഇവിഎം വോട്ടെണ്ണൽ പൂർത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിനു ശേഷം ഇലക്‌ട്രോണിക് യന്ത്രങ്ങൾ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ സീൽ ചെയ്ത് തിരികെ വെയർഹൗസുകളിൽ സൂക്ഷിക്കും.

കനത്ത സുരക്ഷയിൽ സ്ട്രോങ് മുറികൾ 
∙വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് മുറികൾ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പൊലീസ്, സംസ്ഥാന ആംഡ് പൊലീസ്, സംസ്ഥാന പൊലീസ് എന്നിവർ 24 മണിക്കൂറും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ സ്‌ട്രോങ് റൂമിന് കനത്ത സുരക്ഷയൊരുക്കുന്നു. 4ന് രാവിലെ 6.30 ന് റിട്ടേണിങ് ഓഫിസർ, അസി.റിട്ടേണിങ് ഓഫിസർമാർ, സ്ഥാനാർഥി ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂമുകൾ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും പാസുള്ളവർക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കുമെന്ന് കലക്ടർ ഡോ.രേണുരാജ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com