ADVERTISEMENT

കൽപറ്റ ∙ ശക്തയായ ദേശീയനേതാവ് എന്ന പ്രതിച്ഛായയുമായെത്തി നല്ലൊരു മത്സരം കാഴ്ചവയ്ക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല. 2014ൽ സത്യൻ മൊകേരി നേടിയ 3,56,165 വോട്ടുകൾക്കടുത്തുപോലും ഇക്കുറി ആനി രാജയ്ക്കെത്താനായില്ല.

എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 8426 വോട്ടുകൾ എൽഡിഎഫിനു കൂടുതൽ കിട്ടിയെന്നത് ആശ്വാസമായി. എൽഡിഎഫിന്റെ വോട്ടുവിഹിതവും ഇക്കുറി ഉയർന്നു. കഴിഞ്ഞതവണ 25.14 ആയിരുന്ന വോട്ടിങ് വിഹിതം 26.09 ആയി ഉയർന്നു. 283023 വോട്ടുകളാണ് ഇക്കുറി ആനി രാജ നേടിയത്.

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നും ആ നേട്ടം സ്വാഭാവികമായും തങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടി. എന്നാൽ, കെ. സുരേന്ദ്രൻ 1.41 ലക്ഷം വോട്ടുകൾ നേടിയത് ഇടതിനും തിരിച്ചടിയായെന്നാണു വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നതിലൂന്നിയായിരുന്നു ഇടതുപ്രചാരണം.

ബിജെപിയെ നേരിട്ടെതിർക്കാതെ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതെന്തിനെന്നും ചോദ്യമുയർത്തി. 2009ൽ എം. റഹ്മത്തുല്ല നേടിയ 2,57,264 വോട്ടുകളാണ് ഉറച്ച മുന്നണി വോട്ടുകളായി വയനാട്ടിൽ എൽഡിഎഫ് കണക്കാക്കുന്നത്.

സത്യൻ മൊകേരി നേടിയ 3.56 ലക്ഷം വോട്ടുകൾ പൂർണമായും ഇടതുവോട്ടല്ലെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞതവണ രാഹുൽ ഗാന്ധിക്കു പോയ കേഡർവോട്ടുകളെല്ലാം ആനി രാജ തിരിച്ചുപിടിച്ചുവെന്നാണ് വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com