കബനി കടന്ന് കാട്ടാനകൾ; തുരത്തിയിട്ടും പോകാൻ മടി
Mail This Article
പുൽപള്ളി ∙ കർണാടക നാഗർഹൊള കടുവ സങ്കേതത്തിൽ നിന്നു കബനി കടന്ന് മരക്കടവിലെത്തിയ രണ്ടുകൊമ്പൻമാർ മടങ്ങിയത് മണിക്കൂറുകൾക്കു ശേഷം. വയനാടിനെ മുൾമുനയിൽ നിർത്തിയ ബേലൂർ മഖ്ന കർണാടക വനത്തിൽ പ്രവേശിച്ചശേഷം കബനികടന്നെത്തിയ അതേ പാതയിലൂടെയാണ് ഇന്നലെ രണ്ടാനകൾ മരക്കടവ് പുറമ്പോക്കിലെ തുരുത്തിലെത്തിയത്. ബേലൂർ മഖ്നയുടെ നീക്കങ്ങൾ റേഡിയോ കോളർ സിഗ്‌നലിലൂടെ വനപാലകർക്ക് അറിയാൻ കഴിഞ്ഞതിനാൽ നാട്ടിലിറങ്ങാതെ തുരത്താൻ സാധിച്ചു. എന്നാൽ ബുധനാഴ്ച അർധരാത്രിയോടെയെത്തിയ ആനകളെ ഇന്നലെ നേരംപുലർന്നാണ് ആളുകൾ കണ്ടത്.വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും മണിക്കൂറുകൾ ശ്രമിച്ചാണ് ആനകളെ തിരിച്ചുവിട്ടത്.
കൊമ്പൻമാർ പുഴയിലിറങ്ങിയതോടെ മറുഭാഗത്ത് കർണാടകാതിർത്തിയിലെ താമസക്കാർ തിരിച്ചോടിക്കാൻ ശ്രമിച്ചു.കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും അവരും പ്രതിരോധം തീർത്തതോടെ ആനകൾ ഏറെനേരം പുഴയിൽ തമ്പടിച്ചു. 10 മണിയോടെയാണ് ആനകൾ അക്കരെവനത്തിൽ പ്രവേശിച്ചത്. ബൈരക്കുപ്പ പഞ്ചായത്തിൽ കബനി തീരത്ത് കുറെ ആളുകൾ താമസിക്കുന്നുണ്ട്. അവിടെ സ്ഥാപിച്ച കിടങ്ങും വൈദ്യുതി വേലിയും കടന്നാണ് ആനകൾ പുഴയിലൂടെ മരക്കടവ് അതിർത്തിയിലെത്തിയത്.മരക്കടവ്, വരവൂർ പ്രദേശത്ത് ഇപ്പോൾ എന്നും ആനശല്യമുണ്ട്.പുഴയോരത്ത് തൂക്കുവേലി സ്ഥാപിച്ചെങ്കിലും പരിചരണമില്ലാതെ അവ നശിക്കുകയാണ്.