ADVERTISEMENT

ഗൂഡല്ലൂർ∙ അമ്മയെ തേടി അലഞ്ഞ ആനക്കുട്ടിയെ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ എത്തിച്ചു. കോയമ്പത്തൂരിലെ മരുതമലയിൽ കഴിഞ്ഞ മാസം 31 ന് അവശനിലയിൽ കണ്ടെത്തിയ ആനയുടെ കുഞ്ഞാണിത്. അമ്മയാനയെ വനം വകുപ്പ് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തി നിർത്തി ചികിത്സ നൽകിയിരുന്നു. അവശത മാറിയതോടെ അമ്മയാന നടന്ന് വനത്തിലേക്ക് കയറി. കുട്ടിയാന അമ്മയുടെ ഒപ്പം പോകാതെ സംരക്ഷണം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ കൂടി. 

അമ്മയെ കണ്ടെത്തി ആനക്കുഞ്ഞിനെ അമ്മയക്കൊപ്പം അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് തെപ്പക്കാട് ആന പ്പന്തിയിലെത്തിച്ച് സംരക്ഷിക്കാൻ തീരുമാനിച്ചത്. അമ്മയെ നഷ്ടപ്പെടുന്ന കുട്ടിയാനകളെ സംരക്ഷിക്കുന്നതിൽ പ്രശസ്തമായ തെപ്പക്കാട് ആനപ്പന്തിയിൽ പുതിയ അതിഥിക്കും കൂടൊരുക്കി.  കുട്ടിയാനയെ പൂജകൾക്ക് ശേഷം കൂട്ടിൽ കയറ്റി. ആദ്യം കൂട്ടിൽ കയറാൻ മടികാണിച്ച് നേരത്തെ സംരക്ഷണം നൽകിയ ജീവനക്കാരെ പിരിയാതെ നിന്നു. ഇടയ്ക്ക് ബഹളം വച്ചതോടെ പാൽ നൽകി അനുനയിപ്പിച്ചു.

4 മാസം പ്രായമുള്ള കുട്ടികൊമ്പനാണിത്. പുതിയ അതിഥി എത്തിയതോടെ തെപ്പക്കാട് ആനപ്പന്തിയിൽ മൂന്ന് കുട്ടിയാനകളായി. കുട്ടിയാനകൾക്ക് ലാക്ടോജിന്‍ കലക്കിയ പാലാണ് നൽകുന്നത്. 24 മണിക്കൂറും കുട്ടിയാനകളെ നിരീക്ഷിക്കണം. രാത്രിയും പകലുമായി രണ്ട് പേർ വീതമാണ് സംരക്ഷണം ഒരുക്കുന്നത്. മുതിര്‍ന്ന ആനകളടക്കം ഇപ്പോള്‍ തെപ്പക്കാട് ആന പ്പന്തിയില്‍ 30 ആനകളായി. തെപ്പക്കാട് ആനപ്പന്തിയില്‍ കുട്ടിയാനകളെ വളർത്തിയ ബൊമ്മനും ബെല്ലിയും കേന്ദ്ര കഥാപാത്രങ്ങളായ ദി എലിഫന്റ് വിസ്പേഴ്സ് ഹൃസ്വ ചിത്രം ഓസ്കർ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com