ADVERTISEMENT

മാനന്തവാടി ∙ തിരഞ്ഞെടുപ്പിന്റെ ഓളമെല്ലാം അടങ്ങിയപ്പോൾ വയനാടിന്റെ കണ്ണും മനസ്സുമെല്ലാം കാക്കുന്നത് കേരളത്തിൽ പുതിയ മന്ത്രി ആര് എന്നതിലേക്ക്. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് വിജയിച്ച ഒഴിവിൽ കേരളമന്ത്രിസഭയിലേക്കു പുതിയൊരു മന്ത്രി വരണം. അത് ഒ.ആർ. കേളു ആകുമോ എന്നാണ് ജില്ല ഉറ്റുനോക്കുന്നത്. വയനാട് ജില്ല രൂപീകരിച്ചത് തങ്ങളാണെന്ന് അഭിമാനപൂർവം അവകാശപ്പെടുന്ന സിപിഎമ്മിന് നാളിതുവരെ വയനാട്ടിൽ നിന്ന് മന്ത്രി ഉണ്ടായിട്ടില്ല.   മന്ത്രിയില്ലാത്ത ജില്ലയിൽ നിന്നുള്ള ഭരണപക്ഷത്തെ ഏക എംഎൽഎയ്ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കുമെന്നാണ് പ്രവർത്തകരുടെ കണക്കുകൂട്ടൽ. പട്ടിക വിഭാഗത്തിൽ നിന്നുള്ള ആൾക്കാകും മന്ത്രിസ്ഥാനം എന്നുറപ്പുമാണ്. അവിടെയാണ് പി.കെ. ജയലക്ഷ്മിക്ക് ശേഷം വീണ്ടും മാനന്തവാടിക്ക് മന്ത്രി പദവി എന്ന സാധ്യത തെളിയുന്നത്.  

മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ അട്ടിമറിച്ച് പട്ടികവർഗസംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയ കേളു എംഎൽഎ പദവിയിൽ ഇതു രണ്ടാം തവണ. 3 തവണ തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച കേളു തിരഞ്ഞെടുപ്പ് രംഗത്ത് പരാജയമറിയാത്ത നേതാവാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമാണ്.  സിപിഎം പ്രതിനിധികളിൽ പട്ടിക വിഭാഗത്തിൽ നിന്ന് നിയമസഭയിൽ രണ്ടാമതും എത്തിയ ഏക എംഎൽഎയും ഒ.ആർ. കേളുവാണ്. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗം, എസ്‌സി– എസ്ടി നിയമസഭാ സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്ന കേളു 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com