ADVERTISEMENT

പടിഞ്ഞാറത്തറ ∙ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം. കൽപറ്റ–പടിഞ്ഞാറത്തറ–മാനന്തവാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തൊഴിലാളികളാണ് ഇന്നലെ പണിമുടക്ക് നടത്തിയത്. സുരക്ഷിതമായി ബസ് ഓടിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഈ റൂട്ടിൽ ഓടുന്ന 18 ബസുകളും ഉൾനാടുകളിൽ സർവീസ് നടത്തുന്ന 10 ബസുകളും പണിമുടക്കിൽ പങ്കു ചേർന്നതോടെ കൽപറ്റ മുതൽ തരുവണ വരെയുള്ള പ്രദേശങ്ങളിലെ പൊതുഗതാഗതം സ്തംഭിച്ചു. സമരത്തെ തുടർന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തിയെങ്കിലും മിക്ക ബസുകളിലും കാലു കുത്താൻ ഇടമില്ലാത്ത വിധം തിരക്ക് അനുഭവപ്പെട്ടു. സ്കൂളിലേക്ക് പോകാൻ എത്തിയ വിദ്യാർഥികളും വിവിധ ജോലികൾക്കും ആശുപത്രികളിലേക്കും പോകാനുള്ള യാത്രക്കാരും പണിമുടക്കിൽ വലഞ്ഞു. രാവിലെ ബസ് കയറാൻ എത്തിയപ്പോഴാണ് മിക്കവരും സമരം നടക്കുന്ന വിവരം അറിയുന്നത്.

പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ആവശ്യങ്ങൾക്കു വേണ്ടി പോകുന്ന യാത്രക്കാരുടെ വൻ തിരക്ക് മിക്ക ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. അതോടെ മിന്നൽ സമരത്തിനെതിരെ പലയിടങ്ങളിലും വൻ പ്രതിഷേധവും ഉണ്ടായി. ഉൾനാടുകളിലേക്ക് അടക്കം രാത്രി കാലങ്ങളിൽ ഉള്ള ട്രിപ്പ് ആളില്ലെന്ന് പറ‍ഞ്ഞു സ്വകാര്യ ബസുകൾ മുടക്കുന്നതിനെതിരെ നാട്ടുകാരും ബസ് തൊഴിലാളികളും ഇവിടെ തർക്കം പതിവാണ്. കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറത്തറയിൽ നിന്ന് പന്തിപ്പൊയിലിലേക്ക് ബസിൽ കയറിയ നാട്ടുകാരെ ഓട്ടം പോകുന്നില്ലെന്ന് പറഞ്ഞ് തൊഴിലാളികൾ ഇറക്കിവിട്ടതിനെ തുടർന്നുണ്ടായ പരാതിയിൽ ബസ് പൊലീസ് പിടിച്ചെടുത്തിരുന്നു. ബസിൽ കയറ്റിയില്ലെന്നു ആരോപിച്ച് കഴിഞ്ഞ ദിവസം കൽപറ്റയിൽ വച്ച് നാട്ടുകാർ ബസ് തൊഴിലാളികളുമായി സംഘർഷവും നടന്നതായി പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ബസ് ഉടമകളും അധികൃതരും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തിയത്.

പടിഞ്ഞാറത്തറയിൽ നിന്ന് പേരാൽ വഴി കൽപറ്റയിലേക്ക് പോകുന്ന ബസിന്റെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് പറയുന്നു. ബസ് സർവീസ് ഇല്ലാതിരുന്ന പേരാൽ ഭാഗത്തെ നാട്ടുകാരുടെ ഏറെ നാളത്തെ ശ്രമ ഫലമായി ഇവിടെ ബസ് റൂട്ട് അനുവദിച്ചിരുന്നു.  എന്നാൽ ഈ ബസിന് ഒന്നോ രണ്ടോ മിനിറ്റിന്റെ വ്യത്യാസത്തിൽ മറ്റ് ബസ് ഓടുന്ന തരത്തിൽ ആണ് സമയക്രമം അനുവദിച്ചത് എന്നു പരാതിയുണ്ട്. വൻ നഷ്ടത്തിലായതോടെ ഈ റൂട്ടിലെ ഏക ബസിന്റെ ഓട്ടം അവസാനിപ്പിക്കാൻ ഉടമ തീരുമാനിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതിന്റെ ഭാഗമായാണ് വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ബസ് തൊഴിലാളികളുമായി നാട്ടുകാർ സംഘർഷത്തിൽ ഏർപ്പെടുന്നത് എന്നാണ് തൊഴിലാളികൾ പറയുന്നത്.

ബസ് സമയക്രമവും പെർമിറ്റ് അടക്കമുള്ള കാര്യങ്ങളും ഉടമകളാണ് കൈകാര്യം ചെയ്യുന്നത് എന്നും എന്നാൽ നാട്ടുകാരുടെ പ്രതിഷേധങ്ങൾ മുഴുവൻ തങ്ങൾക്കെതിരെ ആവുകയാണെന്നും അതിനാൽ സുരക്ഷിതമായി ജോലി ചെയ്യാൻ ബന്ധപ്പെട്ടവർ സാഹചര്യം ഒരുക്കണമെന്നും ആണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തൊഴിലാളികളെ ആക്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താമെന്ന് പടിഞ്ഞാറത്തറ പൊലീസ് അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായും സർവീസ് നടത്താൻ ബസ് ഉടമകൾ ആവശ്യപ്പെടുന്ന പക്ഷം ഇന്നു മുതൽ ബസുകൾ ഓടുമെന്നും തൊഴിലാളി പ്രതിനിധികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com