ADVERTISEMENT

‌കൽപറ്റ ∙ മണ്ഡലത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പിലേക്കു കടക്കുകയാണു വയനാട്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലൂടെ രാജ്യത്തെ നക്ഷത്രമണ്ഡലങ്ങളുടെ പട്ടികയിലേക്കു നടന്നുകയറിയ വയനാട്  പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ഉപതിരഞ്ഞെടുപ്പിലും സ്റ്റാർ വാല്യു നിലനിർത്തും. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി തന്റെ കന്നിയങ്കത്തിനു വയനാട് തിരഞ്ഞെടുത്തുവെന്നതിന്റെ രാഷ്ട്രീയപ്രാധാന്യം വരുംദിവസങ്ങളിൽ രാജ്യത്തുടനീളം പ്രതിഫലിക്കുമെന്നുറപ്പ്. രാഹുൽ ഒഴിഞ്ഞാൽ പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകണമെന്നാണ് കെപിസിസി നേതൃത്വവും ജില്ലാ യുഡിഎഫ് നേതാക്കളുമെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചത്. ‍

പ്രിയങ്ക തയാറാകുമോയെന്നതു മാത്രമായിരുന്നു ഉയർന്ന ചോദ്യം. 2024ൽ രാഹുൽ ഗാന്ധി വയനാടിനു പകരം അമേഠി തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹം ഉയർന്നപ്പോഴും പകരക്കാരിയായി രാഷ്ട്രീയനിരീക്ഷകർ മുന്നോട്ടുവച്ച പേരും പ്രിയങ്ക ഗാന്ധിയുടേതായിരുന്നു. എന്നാൽ, ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികം പേർ ഒരേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു ബിജെപി പ്രചാരണായുധമാക്കുമെന്ന വിലയിരുത്തലുണ്ടായി. വയനാട് ഒഴിയാൻ വ്യക്തിപരമായി രാഹുൽ ഗാന്ധിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു താനും. ഭാരത് ജോഡോ, ഭാരത് ജോഡോ ന്യായ് യാത്രകളിലൂടെയും തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഊർജിത പ്രവർത്തനങ്ങളിലൂടെയും ഹിന്ദി ഹൃദയഭൂമിയിലുൾപ്പെടെ കോൺഗ്രസിന്റെ തിരിച്ചുവരവിനു രാഹുൽ ഗാന്ധി ഫാക്ടർ നിർണായകമായെന്നതിനാൽ റായ്ബറേലി നിലനിർത്തണമെന്ന അഭിപ്രായത്തിനാണ് കോൺഗ്രസ് പ്രവർത്തകസമിതിയിൽ മുൻതൂക്കമുണ്ടായത്.

വോട്ടർമാർക്കു നന്ദി പറയാൻ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴും വയനാടോ റായ്ബറേലിയോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണു രാഹുൽ പറഞ്ഞത്. എന്നാൽ, ഒടുവിൽ പാർട്ടിയുടെയും ഇന്ത്യാമുന്നണിയിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരുടെയും സമ്മർദത്തിനു വഴങ്ങി വയനാട് ഒഴിയാൻ രാഹുൽ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഏതു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സ്വീകാര്യമായിരിക്കുമെന്നാണു രാഹുൽ ഗാന്ധി വോട്ടർമാർക്കു നൽകിയ വാക്ക്. പ്രിയങ്കയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിലൂടെ രാഹുലിന്റെ ആ വാക്ക് പാലിക്കപ്പെട്ടുവെന്നതു പ്രചാരണരംഗത്തെ പ്രധാന ചർച്ചയാക്കാനാണു യുഡിഎഫ് നീക്കം. ജൂലൈ രണ്ടാംവാരം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമെന്നാണു വിവരം. 

വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞ് കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം.
വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞ് കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം.

പ്രിയങ്കയ്ക്ക് സ്വാഗതമോതി പ്രകടനം
ബത്തേരി∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക് സ്വാഗതമോതി യുഡിഎഫ് പ്രവർത്തകർ ബത്തേരി ടൗണിൽ പ്രകടനം നടത്തി.ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം. പ്രകടനത്തോടനുബന്ധിച്ച് നടന്ന യോഗം ഡി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ഷബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.എം. വിജയൻ, ബാബു പഴുപ്പത്തൂ‍ർ, സതീഷ് പൂതിക്കാട്, സി.കെ. ഹാരിഫ്, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, സമദ് കണ്ണിയൻ, റിയാസ് കൂടത്താൾ, രാധ രവീന്ദ്രൻ, സക്കരിയ മണ്ണിൽ, നൗഫൽ കൈപ്പഞ്ചേരി, റിനു ജോൺ, റിയാസ് കല്ലുവയൽ, ഗഫൂർ പുളിക്കൽ, കുന്നത്ത് അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

 തിരഞ്ഞെടുപ്പ് പുതിയ ചരിത്രമെഴുതും
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിനുള്ള എഐസിസി തീരുമാനത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തു. പിന്നാക്ക കാർഷിക ജില്ലയായ വയനാടിനോടു  രാഹുൽ ഗാന്ധി കാണിക്കുന്ന ആത്മാർഥ സ്നേഹത്തിന്റെ തെളിവാണു പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം. 

വയനാടിന് 2 എംപിമാരെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജില്ലയിലെ സാധാരണക്കാർക്കും പിന്നാക്ക ഗോത്രവർഗ സമുദായങ്ങൾക്കും  വയനാടൻ ജനതയ്ക്കു മുഴുവൻ വലിയ ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ ഗാന്ധിയുടെ മുഴുവൻ സമയ സാന്നിധ്യവും പ്രവർത്തനങ്ങളും ആവശ്യമായ ഘട്ടത്തിൽ രാഹുൽ ഗാന്ധിയെ റായ്‌ബറേലിയിൽ നിലനിർത്താനുള്ള എഐസിസിയുടെ തീരുമാനം  ദീർഘവീക്ഷണമുള്ളതും രാജ്യത്തിന്റെ മുഴുവൻ ഭാവിക്കും വേണ്ടിയുള്ളതുമാണ്. 

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം ജില്ലയുടെ വികസന കുതിപ്പിനും  ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കു നിർണായക പരിഹാരങ്ങളുണ്ടാക്കാനും ഇടയാക്കുമെന്നുറപ്പുണ്ട്. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യയുടെ ചരിത്രമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഡിസിസി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com