നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു; പനമരം ചങ്ങാടക്കടവിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങി
Mail This Article
പനമരം∙ വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കാട്ടാനക്കൂട്ടം മടങ്ങിയത്. ഇതോടെ നാട്ടുകാരുടെ ആശങ്കയൊഴിഞ്ഞു. പുഴയ്ക്കടുത്ത് ചങ്ങാടക്കടവില്‍ കൊറ്റില്ലത്തിനു സമീപം സ്വകാര്യതോട്ടത്തിലാണ് നാല് കൊമ്പനാന ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് ആനക്കൂട്ടം എത്തിയത്. വ്യാപകമായി കൃഷിനാശം വരുത്തിയ ആനകളെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ഏറെ വൈകിയും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുരത്താനുള്ള ശ്രമത്തിനിടെ ഉച്ചയോടെ ആനകള്‍ പുഴയില്‍ ഇറങ്ങിയെങ്കിലും ചങ്ങാടക്കടവിലെ മുളങ്കൂട്ടത്തില്‍ തിരിച്ചെത്തുകയാണ് ചെയ്തത്.
പാതിരി സൗത്ത് സെക്‌ഷനിൽ നിന്നിറങ്ങിയ കാട്ടാനകളാണ് ഇന്നലെ പുലർച്ചെ മുതൽ വൈകിട്ടു വരെ തലങ്ങും വിലങ്ങും പാഞ്ഞത്. പനമരം വലിയ പുഴയും കടന്ന് കിലോമീറ്ററോളം സഞ്ചരിച്ച് വെള്ളമുണ്ട സെക്‌ഷനിലെ ചങ്ങാടക്കടവ്, പരക്കുനി പ്രദേശങ്ങളിലെത്തിയ കാട്ടാനകൾ ഒട്ടേറെ കർഷകരുടെ തെങ്ങ്, കപ്പ, വാഴ, കാപ്പി, കമുക് അടക്കമുള്ളവ നശിപ്പിച്ചു. രാത്രിയായതോടെ ചങ്ങാടക്കടവിനും പരക്കുനിക്കും ഇടയിലുള്ള മൂന്നാനക്കുഴി രാജന്റെ കൃഷിയിടത്തിൽ തമ്പടിച്ചു. രാത്രിയിലും വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. കൃഷി നശിപ്പിച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
കാട്ടാനക്കൂട്ടം എത്തിയത് 2 പുഴകൾ കടന്ന്
കാട്ടാനക്കൂട്ടം പനമരം ടൗണിനു സമീപത്തെ കൊറ്റില്ലം, ചങ്ങാടക്കടവ്, പരക്കുനി പ്രദേശത്ത് എത്തിയത് 2 പുഴകളും 2 പ്രധാന റോഡുകളും മുറിച്ചുകടന്ന് 6 കിലോമീറ്ററോളം യാത്ര ചെയ്ത്. പാതിരി സൗത്ത് സെക്‌ഷൻ മണൽവയൽ ഭാഗത്ത് നിന്ന് വ്യാഴം രാത്രിയാണ് 4 കാട്ടാനകൾ ഇറങ്ങിയത്. നരസിപ്പുഴ കടന്ന് അമ്മാനി, പുഞ്ചവയൽ, മാത്തൂർ വയൽ വഴി പനമരം – ബീനാച്ചി പാതയോരത്തെ മണന്തല ഉസ്മാന്റെ വീട്ടുമുറ്റത്തു കൂടി രാത്രി 2.35 ന് ആണ് നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കൊറ്റില്ലത്തിനടുത്ത പമ്പ് ഹൗസിനു സമീപം എത്തിയത്. ഇന്നലെ പകൽ മുഴുവൻ തമ്പടിച്ച കാട്ടാനകൾ മൂന്നാനക്കുഴി രാജന്റെ കൃഷിയിടത്തിൽ വ്യാപക നാശനഷ്ടം വരുത്തി.