വെള്ളമിറങ്ങിയപ്പോൾ കരയിൽ.. ഏതാ മൊതൽ!
Mail This Article
പനമരം ∙ പുഴകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ മുതലകളും ചീങ്കണ്ണികളും കരയ്ക്കു കയറിക്കിടക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചെറുതും വലുതുമായ പുഴകളിൽ ജലനിരപ്പ് താഴ്ന്നതോടെയാണു മുതലകളും ചീങ്കണ്ണികളും പുഴയോടു ചേർന്നുള്ള കൃഷിയിടങ്ങളിലും മണൽത്തിട്ടകളിലും കയറിക്കിടക്കുന്നത്. ഇന്നലെ കൂടോത്തുമ്മൽ– നടവയൽ റോഡിൽ ചീക്കല്ലൂർ പാലത്തിന് സമീപം പുഴക്കരയിൽ ഉച്ചയ്ക്ക് 12.50 ന് കയറിക്കിടന്ന വലിയ മുതല ജനങ്ങളെ ഭീതിയിലാഴ്ത്തി. പുഴക്കരയിൽ നിന്ന് 3 മണിക്കൂറിന് ശേഷമാണ് മുതല പുഴയിലേക്ക് ഇറങ്ങിയത്.
പനമരം വലിയ പുഴയിൽ കൊറ്റില്ലത്തോട് ചേർന്നും കബനി കൂടൽക്കടവിലും വെണ്ണിയോട് പുഴയിലും മുതലകളും ചീങ്കണ്ണികളും പതിവ് കാഴ്ചയാണെങ്കിലും ചീക്കല്ലൂരിൽ ഇക്കുറി ഇത് ആദ്യമായാണ് മണിക്കൂറുകളോളം മുതല കരയിൽ കയറിക്കിടന്നതെന്നു നാട്ടുകാർ പറയുന്നു. പുഴയിലും പുഴയോരങ്ങളിലും കൃഷിയിടങ്ങളിലും വയലുകളിലും കയറിക്കിടക്കുന്ന മുതലകൾ കാഴ്ചക്കാർക്ക് കൗതുകമാണെങ്കിലും പ്രദേശവാസികൾക്ക് ദുരിതമാകുകയാണ്. പെട്ടെന്ന് കാണുമ്പോൾ പാറപോലെ തോന്നിക്കുന്ന ഇവ ആളനക്കം കണ്ടാൽ പാഞ്ഞടുക്കുന്നതും വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടുന്നതും ഭയപ്പെടുത്തുന്ന രീതിയിലാണ്.