ADVERTISEMENT

ചൂരൽമല ∙ വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കിൽ ചൂരൽമല ടൗൺ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെടുമായിരുന്നു. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും കൂടിച്ചേർന്നാണ് പാടികളും വീടുകളും തകർത്തെറിഞ്ഞ് ദുരന്തം തീർത്തത്. എന്നാൽ, കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങൾ അവിടെനിന്നു നീങ്ങിയിട്ടില്ല. ഈ കെട്ടിടം സംരക്ഷണം തീർത്തതാവട്ടെ അതിനു പിന്നിൽ സ്ഥിതി ചെയ്തിരുന്ന ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും അവയിൽ കഴിച്ചുകൂട്ടിയ മനുഷ്യർക്കുമാണ്. 

wayanad-landslide-25

വയനാട് ജില്ലാ പഞ്ചായത്ത് 2021–23 വർഷത്തിൽ നിർമിച്ചതാണ് ഈ ഇരുനിലക്കെട്ടിടം.  പുഴ വഴിമാറിയപ്പോൾ ഒഴുകിയെത്തിയ കൂറ്റൻ കരിങ്കല്ലുകളാണ് സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്നത്. പരന്നൊഴുകുന്ന പുഴയാവട്ടെ അതിശക്തമായ നിലയിലും. അവിടെയുണ്ടായിരുന്ന പാലവും ക്ഷേത്രവും അടയാളങ്ങൾ അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുകയും ചെയ്തു. അപ്പോഴും തലയുയർത്തി സ്കൂൾ കെട്ടിടം മാത്രം ബാക്കിയുണ്ട്.

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ  ദൃശ്യം. ചിത്രം: മനോരമ
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ദൃശ്യം. ചിത്രം: മനോരമ

സുഹൃത്തിനെ രക്ഷിക്കാനെത്തി: പക്ഷേ...
ചൂരൽമലയിൽ വെള്ളം കയറുന്നതറിഞ്ഞാണ് മേപ്പാടി കടൂരിലെ വീട്ടിൽനിന്ന് സി.റഫീഖ് സുഹൃത്ത് ഉബൈദിനെ വിളിക്കുന്നത്. ഫോണിന്റെ മറുതലയ്ക്കൽ കരച്ചിലായിരുന്നു മറുപടി. ഉടൻ തന്നെ റഫീഖ് ചൂരൽമലയിലേക്കു പുറപ്പെട്ടു. വഴിയിൽ കാട്ടാനയിൽനിന്നു രക്ഷപ്പെട്ടാണ് സ്ഥലത്തെത്തിയത്. ഉബൈദും ഭാര്യയും രക്ഷപ്പെട്ടെങ്കിലും ഭാര്യാമാതാവിനെയും വിദ്യാർഥികളായ രണ്ട് പെൺമക്കളെയും കാണാതായി. 5 മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിൽ റഫീഖും പങ്കാളിയായി.

മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂം
മന്ത്രിയുടെ ഓഫിസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ടെലിഫോൺ വഴിയുള്ള കൗൺസലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കുമായി ടെലി മനസ്സ് ശക്തിപ്പെടുത്തി.

ടെലി മനസ് ടോൾഫ്രീ നമ്പരിൽ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്.ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

English Summary:

Wayanad chooralmala landslide update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com